ആയുഷ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും : മന്ത്രി വീണാ ജോർജ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാനത്ത് ആയുഷ് ചികിത്സ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് ചികത്സ കേന്ദ്രങ്ങളിലെ സിദ്ധ വർമ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എൻസിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ സെന്റർ അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സമഗ്ര ആരോഗ്യ മാതൃക സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് ആയുർവേദം, ഹോമിയോപ്പതി, യോഗ- നാച്ചുറോപതി, സിദ്ധ, യൂനാനി മേഖലകളിലെല്ലാം വികസനം എത്തിച്ചു. ആയുഷ് ചികത്സാ രംഗത്ത് സംസ്ഥാനത്തിന്റെ പുതിയ കാൽവയ്പ്പാണ് സിദ്ധ വർമ തെറാപ്പി യൂണിറ്റുകൾ. ആയുർവേദത്തിലെ മർമ ചികത്സയെ പോലെ പ്രാധാന്യമുള്ളതാണ് ഇത്. സിദ്ധ ചികിത്സ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് സിദ്ധ വർമ്മ തെറാപ്പി യൂണിറ്റുകൾ സ്ഥാപിക്കുന്നത്. സന്ധിവേദന, ആർത്രൈറ്റിസ്, സയാറ്റിക്ക, മൈഗ്രൈൻ, സ്ട്രോക്ക് പുനരധിവാസം, മാനസിക സമ്മർദം, ഉറക്കമില്ലായ്മ, ക്ഷീണം, സൈനസൈറ്റിസ്, ഫൈബ്രോമയാൾജിയ, ജീവിതശൈലി രോഗങ്ങൾ, കായിക പരുക്കുകൾ, ശസ്ത്ര ക്രിയാനന്തര പുനരധിവാസം എന്നിവയ്ക്ക് സിദ്ധ വർമ ചികത്സ പ്രയോജനകരമാണ്. ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ള ചികത്സ സിദ്ധ വർമ തെറാപ്പി യൂണിറ്റുകളുടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ അധ്യക്ഷയായി. സംസ്ഥാനത്ത് അഞ്ച് സിദ്ധ വർമ തെറാപ്പി യൂണിറ്റുകളും ഒരു സിദ്ധ ജീവിതശൈലി രോഗ ക്ലിനിക്കുമാണ് പ്രവർത്തനം ആരംഭിച്ചത് .

പാലക്കാട് ഓങ്ങല്ലൂർ, ആലപ്പുഴ മണ്ണഞ്ചേരി, അടൂർ കടമ്പനാട്, തിരുവനന്തപുരം ആറ്റിങ്ങലുമാണ് മറ്റു സിദ്ധ വർമ തെറാപ്പി യൂണിറ്റുകൾ. കോഴിക്കോട് ജില്ലയിലെ കാക്കൂർ പഞ്ചായത്തിലാണ് സിദ്ധ ജീവിതശൈലി രോഗ ക്ലിനിക് ആരംഭിച്ചത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റസിയ സണ്ണി, അംഗങ്ങളായ അബിദാഭായി, എം ഷീജ മോൾ, ഭാരതീയ ചികിത്സ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ഷീന വിമൽ , സംസ്ഥാന ദേശീയ ആയുഷ് മിഷൻ പ്രോഗ്രാം മാനേജർ ഡോ.ജയനാരായണൻ, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജെ മീന, ജില്ലാ പ്രോഗ്രാം മാനേജർ അഖില എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *