തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടുംബസംഗമം : വിളമ്പാൻ തീരുമാനിച്ചത് പൊറോട്ടയും ഇറച്ചിയും: പരിപാടിക്ക് മുൻപ് കറിയും കോരിയെടുത്ത് നേതാവ് വീട്ടിൽപ്പോയി: വണ്ടന്മേട്ടിൽ മട്ടൻ കറിയെ ചൊല്ലി മുട്ടനടി !!

Kerala Idukki
Print Friendly, PDF & Email

വണ്ടന്മേട് (ഇടുക്കി) – പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി തോട്ടം മേഖലയിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ വിരുന്നിനിടെയുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിച്ചു. പ്രവർത്തകർക്കായി തയ്യാറാക്കിയ മട്ടൻ കറി തികയാതെ വന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിന്റെ ഭാഗമായാണ് വാർഡ് തലത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചത്.

തോട്ടം തൊഴിലാളികളും പ്രവർത്തകരും ധാരാളമായി പങ്കെടുത്ത പരിപാടിയിൽ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
പൊറോട്ടയും മട്ടൻ കറിയുമായിരുന്നു പ്രധാന ആകർഷണം. എന്നാൽ, ഭക്ഷണം വിളമ്പിത്തുടങ്ങിയപ്പോൾ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് വാഹനവുമായി എത്തി വലിയ അളവിൽ മട്ടൻ കറി കോരിയെടുത്ത് കൊണ്ടുപോയി. പരിപാടിയിൽ പങ്കെടുത്ത ശേഷം ഭക്ഷണം കഴിക്കാനെത്തിയ സാധാരണ പ്രവർത്തകർക്ക് കറി ലഭിക്കാതെ വന്നതോടെയാണ് രംഗം വഷളായത്.

തമിഴ് വംശജനായ നേതാവിന് എതിരെ മുമ്പും പരാതികൾ ഉണ്ടായിരുന്നു. യൂണിയൻ പിരിവിന് എത്തി ഇറച്ചിയും എല്ലും പണം നൽകാതെ പാർട്ടിയുടെ പേരിൽ വാങ്ങിക്കൊണ്ടു പോയ സംഭവത്തിലും ആരോപണം നേരിട്ടയാളാണ് ഇയാൾ.

കറി തീർന്നുപോയെന്നറിഞ്ഞതോടെ പ്രവർത്തകർ സംഘാടകരോട് പരാതിപ്പെട്ടു. നേതാവ് കൂടുതൽ കറി കൊണ്ടുപോയതാണ് തികയാതെ വരാൻ കാരണമെന്ന് അറിഞ്ഞതോടെ പ്രവർത്തകർ ബഹളം വെക്കുകയും നേതാവിനെതിരെ തിരിയുകയും ചെയ്തു. ചോദ്യം ചെയ്ത പ്രവർത്തകരും നേതാവിന്റെ അനുയായികളും തമ്മിൽ ആദ്യം വാക്കേറ്റവും പിന്നീട് ഉന്തും തള്ളും കൈയാങ്കളിയുമായി. കുടുംബസംഗമത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഭയന്ന് ചിതറിയോടി.മുതിർന്ന നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

പ്രവർത്തകരുടെ ആവേശം വർധിപ്പിക്കാൻ സംഘടിപ്പിച്ച പരിപാടി മട്ടൻ കറി കാരണം കൂട്ടത്തല്ലിൽ അവസാനിച്ചത് തോട്ടം മേഖലയിൽ പാർട്ടിക്കും വലിയ നാണക്കേടായി. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടേണ്ട ഘട്ടത്തിൽ കറിക്ക് വേണ്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്. സംഭവം ഇതിനോടകം എതിരാളികൾ പ്രചാരണായുധമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ‘കറിനാണക്കേട്’ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ.!

Leave a Reply

Your email address will not be published. Required fields are marked *