കൈപ്പട്ടൂർ – പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം നാലാം ദിവസമായ ഇന്ന് ഫയർഫോഴ്‌സ് സ്‌കൂബ ടീം കണ്ടെടുത്തു. ചന്ദനപ്പള്ളി നല്ലാനിക്കുന്നിൽ സന്തോഷ് അജയശ്രീ ദമ്പതികളുടെ ഏകമകൾ എസ്. സന്ധ്യ (17)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ പത്തു മണിയോടെ ഓമല്ലൂർ ആറാട്ടുകടവിന് ഒരു കിലോമീറ്റർ താഴെ മുളങ്കൂട്ടത്തിൽ കുടുങ്ങിയ നിലയിൽ സ്‌കൂബ ടീം കണ്ടെടുത്തത്. മൂന്ന് ദിവസം മുമ്പ് എട്ടാം തീയതി വൈകിട്ട് ഏഴു മണിയോടെയാണ് പാലത്തിൽ നിന്ന് പെൺകുട്ടി ആറ്റിലേക്ക് ചാടിയത്. ചാടുന്നതിന് മുൻപായി വീട്ടിലേക്ക് വിളിച്ച് താൻ ചാടാൻ പോകുന്ന വിവരം പറഞ്ഞിരുന്നു. കുട്ടിയെ പാലത്തിനടുത്ത് കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരും വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. ഇതറിഞ്ഞ് കൈപ്പട്ടൂരിൽ തന്നെയുണ്ടായിരുന്ന പിതാവ് ഓടിയെത്തി പാലത്തിന് താഴെ ചാടിയിറങ്ങി. ഇദ്ദേഹത്തിന് കാലിന് പരുക്കേറ്റു. പാലത്തിന് സമീപം താമസിക്കുന്ന ആളാണ് കുട്ടി ചാടിയെന്ന വിവരം സ്ഥിരീകരിച്ചത്.
മൈലപ്ര ഐടിഐയിൽ ഡീസൽ മെക്കാനിക്ക് കോഴ്‌സിന് പഠിക്കുകയായിരുന്നു സന്ധ്യ. ചന്ദനപ്പളളിയിൽ നിന്ന് ഓട്ടോയിൽ എത്തിയാണ് പാലത്തിൽ നിന്ന് ചാടിയതെന്ന് പറയുന്നു. അന്ന് രാത്രി 10 മണി വരെ ഫയർഫോഴ്‌സ് സ്‌കൂബ ടീം തെരച്ചിൽ നടത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും രാവിലെ തൊട്ട് രാത്രി വരെ അരിച്ചു പെറുക്കിയിട്ടും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ദേശീയ ദുരന്തസേനയുടെ ഒരു യൂണിറ്റും തെരച്ചിലിന് എത്തിയിരുന്നു.
ബോട്ട് ഉപയോഗിച്ച് വെള്ളം ഇളക്കിയുള്ള പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളിലും ഇന്ന് രാവിലെയും നടന്നത്. ഇതു കാരണമാകാം മൃതദേഹം ഇന്ന് പൊങ്ങി ഒരു കിലോമീറ്റർ അകലെയുള്ള മുളങ്കൂട്ടത്തിൽ തങ്ങി നിന്നത്. 38 മണിക്കൂറിന് ശേഷവും മൃതദേഹം കിട്ടാതെ വന്നപ്പോൾ പെൺകുട്ടി രക്ഷപ്പെട്ടിരിക്കാം എന്ന വാർത്തയും നാട്ടിൽ പടർന്നിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

