തിരുവനന്തപുരം: ഒരു മാസത്തിലേറെയായി മഴയും വെയിലും കൊണ്ട് സെക്രട്ടറിയേറ്റ് നടക്കൽ ന്യായമായ കൂലിക്കായി ജനാധിപത്യത്തിലൂടെ അധികാരത്തിലുള്ള ലോകത്തിലെ തന്നെ അപൂർവ്വമായ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നാട്ടിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരെ സർക്കാരും, ഇടതുനേതാക്കളും കണ്ടില്ലെങ്കിൽ ലോകം മുഴുവൻ കാണുന്നുണ്ട് ഇപ്പോൾ. ഇതുവല്ലതും പിണറായിയും കൂട്ടരും അറിയുന്നുണ്ടോ ആവോ ?
https://www.bbc.com/news/articles/cz6185v4x5yo
ആശാ വർക്കർമാരുടെ സമരം അന്താരാഷ്ട്ര തലത്തിൽ പോലും വാർത്തയാകുകയാണ് ഇപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ കെടുകാര്യസ്ഥത ചർച്ചയാക്കിയിരിക്കുകയാണ് ബിബിസി. അങ്ങനെ ഇന്ത്യൻ പാർലമെന്റ് ചർച്ച ചെയ്ത വിഷയം രാജ്യത്തിനു പുറത്തും വാർത്തയാകുന്നു. ഈ നാണക്കേട് അലങ്കാരമായി കൊണ്ടുനടക്കുന്നവരെ ജനം തിരിച്ചറിയും.
കോവിഡ് സമയത്തടക്കം ലോക വ്യാപകമായി തന്നെ ഏറെ ഖ്യാതി കേൾപ്പിച്ചിരുന്ന ആരോഗ്യമേഖലയിലെ കേരള മോഡൽ പാളിയത് എങ്ങനെയാണ് ?. ആഗോള തലത്തിൽ തന്നെ നിരവധി പ്രമുഖ മാധ്യമങ്ങൾ ഇക്കാര്യത്തിൽ മുമ്പ് അനുകൂല വാർത്തകൾ നൽകുന്നത് പതിവായിരുന്നു. കേരളത്തിലെ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർത്തകൾ ബി.ബി,.സിയും സി.എൻ.എന്നും പോലെയുള്ള മാധ്യമ സ്ഥാപനങ്ങൾ പോസിറ്റീവ് ആയ വാർത്തകളാണ് നൽകിയിരുന്നത്. എന്നാൽ ബി.ബി.സി തന്നെ ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരത്തെ കുറിച്ചുള്ള വസ്തുതാപരമായ റിപ്പോർട്ട് നൽകിയിരിക്കുകയാണ്. ഇന്ത്യാസ് ഫ്രണ്ട്ലൈൻ ഹെൽത്ത് ലൈൻ വർക്കേഴ്സ് ഫൈറ്റ് ഫോർ ബെറ്റർ പേ ആൻഡ് റെക്കഗ്‌നിഷൻ എന്ന തലക്കെട്ടോട് കൂടിയാണ് അവർ ഈ വാർത്ത നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിലധികമായി ആശവർക്കർമാർ തങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. സർക്കാർ ഇവരുമായി ചർച്ചക്ക് തയ്യാറാകുന്നില്ല എന്ന് മാത്രമല്ല പല പ്രമുഖ സി.പി.എം നേതാക്കളും സമരം ചെയ്യുന്നവരെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. സമരം ഒത്തുതീർപ്പായില്ലെങ്കിൽ അടുത്തയാഴ്ച സെക്രട്ടറിയേറ്റ് വളയാൻ ആശാ പ്രവർത്തകർ തീരുമനാനിച്ച കാര്യവും ബി.ബി.സി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പത്ത് ലക്ഷത്തിലധികം ആശാ വർക്കർമാരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എം.പിയായ ഡോ.ശശി തരൂർ സമരക്കാരെ അൺസങ് ഹീറോസ് എന്ന് വിശേഷിപ്പിച്ച കാര്യവും ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ആശാ പ്രവർത്തകർക്ക് ഏറ്റവും ഉയർന്ന പ്രതിഫലം നൽകുന്ന സംസ്ഥാനമാണ് കേരളം എന്ന മന്ത്രി വീണാ ജോർജ്ജിന്റെ പ്രസ്താവനയും ബി.ബി.സി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ നിന്ന് രക്ഷ നേടുന്നതിനായി ആശാ പ്രവർത്തകർ കെട്ടിയിരുന്ന ടാർപ്പോളിൻ പോലീസ് അഴിച്ചു മാറ്റിയ കാര്യവും റിപ്പോർട്ടിലുണ്ട്. സമരം ചെയ്യുന്നവരുടെ വിശദമായ അഭിമുഖങ്ങളും വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ വിദൂരമായ ഗ്രാമങ്ങളിൽ പോലും സേവനം ചെയ്യുന്നവരാണ് ആശാ പ്രവർത്തകർ എന്ന കാര്യവും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു. നേരത്തേ കർണാടകത്തിലും ആന്ധ്രാപ്രദേശിലും ഇത്തരത്തിൽ ആശാവർക്കർമാർ നടത്തിയ പ്രക്ഷോഭങ്ങളെ കുറിച്ചും ബി.ബി.സി റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നുണ്ട്.
ആറ്റുകാൽ ദേവിക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയുമായി ആശാ വർക്കർമാർ എത്തിയത് വലിയ ചർച്ചയായിരുന്നു. സർക്കാരിന്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് ഇടുന്നതെന്ന് ആശാ വർക്കർ പ്രതികരിക്കുകയും ചെയ്തു. ഞങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേർച്ചയായി സമർപ്പിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ സർക്കാർ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാർ പറയുന്നു. പക്ഷേ ഈ പൊങ്കാലയ്ക്ക് ശേഷവും നടപടികളില്ല. കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആശാമാരുടെ പ്രശ്‌നം വരാത്തതിന്റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാർ. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം. ആശാമാരുടെ ഇൻസെന്റീവ് കൂട്ടുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ജെപി നദ്ദ കൂട്ടുന്നത് എത്രയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. കേരളം ധനവിനിയോഗ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് കേന്ദ്രമന്ത്രിയും കൊടുത്തിരുന്നുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രിയും ആവർത്തിച്ചിരുന്നു. തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം നടത്തി സമരം കടുപ്പിക്കാനാണ് ആശാമാരുടെ നീക്കം. ഇതിനിടെയാണ് ബിബിസി വാർത്തയും.
അതേസമയം, ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തു. ആശമാർ താഴേതട്ടിൽ നടത്തുന്നത് നിർണ്ണായക സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ ശുപാർശ നൽകിയത്. നിലവിൽ 5000 മുതൽ 9000 വരെയാണ് ആശ വർക്കർക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാർലമെന്റി കമ്മിറ്റി ചൂണ്ടിക്കാട്ടി.


