ശബരിമല വിശ്വാസ സംരക്ഷണ സംഗമം: ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചു: വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി എസ്.പി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പന്തളത്ത് നടന്ന ശബരിമല വിശ്വാസ സംരക്ഷണ സംഗമത്തില്‍ റോഡ് ഗതാഗതം സ്തംഭിച്ചതും, തിരക്ക് നിയന്ത്രണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കുളനട പഞ്ചായത്ത്, പന്തളം മുനിസിപ്പാലിറ്റി അതിർത്തിയിൽ നടന്ന വിശ്വാസ സംരക്ഷണ സംഗമത്തിലെ തിരക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ച് അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാര്‍, പന്തളം എസ്.എച്ച്.ഓ ടി.ഡി. പ്രജീഷ്, രഹസ്യാന്വേഷണ വിഭാഗം ഫീല്‍ഡ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ 22 ന് നടന്ന സംഗമത്തില്‍ 1500 പേര്‍ വരുമെന്നാണ് പന്തളം എസ്.എച്ച്.ഓ എസ്.പിയുടെ കോണ്‍ഫറന്‍സില്‍ വെച്ച് പറഞ്ഞിരുന്നത്. അടൂര്‍ ഡിവൈ.എസ്.പിയാകട്ടെ ഇത് 3000 പേരെന്നാണ് റിപ്പോര്‍ട്ട് കൊടുത്തത്. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചും കുറഞ്ഞ സംഖ്യയാണ് നല്‍കിയത്. എന്നാല്‍, സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം 15,000 പേരില്‍ കുറയാത്ത ആള്‍ക്കാര്‍ അവിടെ തടിച്ചു കൂടുമെന്ന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് അവഗണിച്ച് വെറും 200 പേരെ മാത്രമാണ് ഡ്യൂട്ടിക്ക് അവിടെ നിയോഗിച്ചത്.

നാടിന്റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിനാള്‍ക്കാര്‍ യോഗം നടന്ന കുളനട ശ്രീവല്‍സം ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയപ്പോള്‍ തിക്കും തിരക്കും നിയന്ത്രണാതീതവും എം.സി റോഡ് നിശ്ചലവുമായി. ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വെറും 200 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. തിക്കും തിരക്കും വാഹന വിന്യാസവും മുന്‍കുട്ടി കണ്ട് സംസ്ഥാന ഇന്റലിജന്‍സ് കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പമ്പയിലെ സര്‍ക്കാരിന്റെ അയ്യപ്പസംഗമം പാളിപ്പോയ സാഹചര്യത്തില്‍ പന്തളത്ത് ശബരിമല കര്‍മ സമിതി നടത്തുന്ന ശബരിമല സംരക്ഷണ സംഗമം വന്‍ വിജയമാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും പതിനയ്യായിരമോ അതിലധികമോ ആള്‍ക്കാര്‍ എത്തുമെന്നും ഇവര്‍ വരുന്ന വാഹനം എം.സി റോഡിന്റെ ഇരുവശത്തുമായി പാര്‍ക്ക് ചെയ്യുമെന്നും അതിനാല്‍ ഗതാഗതം വഴി തിരിച്ചു വിടുകയും ക്രമസമാധാന പാലനത്തിന് കൂടുതല്‍ പോലീസിനെ നിയോഗിക്കുകയും വേണമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പരിപാടി നടക്കുന്ന ഗ്രൗണ്ടിന് സമീപമുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ ഉള്‍ക്കൊളളില്ല.

ഇതിന് പുറമേ അണ്ണാമലൈ, തേജസ്വി സൂര്യ, കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ എത്തുന്നതിനാല്‍ മറ്റു ജില്ലകളില്‍ നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്താനുള്ള സാദ്ധ്യതയും ഇന്റലിജന്‍സ് റിപ്പോർട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് പാടേ അവഗണിക്കുകയാണ് പോലീസ് ചെയ്തത്. എസ്.പി ആര്‍. ആനന്ദ് പുതിയ ആളായതിനാല്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം അറിയാമായിരുന്നില്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പകരം ലോക്കല്‍ പോലീസിനെ മുഖവിലയ്ക്ക് എടുത്തതും എസ്.പിക്ക് വിനയായി. മാത്രവുമല്ല, രാവിലെ നാനാക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാറിലുണ്ടായ വന്‍ പങ്കാളിത്തം പോലും ഉച്ചയ്ക്ക് ശേഷമുണ്ടാകാനിടയുള്ള ആള്‍ത്തിരക്ക് സംബന്ധിച്ചുള്ള സൂചനയായിരുന്നു. കണ്‍വന്‍ഷന്‍ സെന്റര്‍ തിങ്ങി നിറഞ്ഞാണ് ഭക്തര്‍ സെമിനാറില്‍ പങ്കെടുത്തത്. ഇതിന്റെ പത്തിരട്ടി തിരക്ക് വൈകിട്ട് നടക്കുന്ന സംഗമത്തിനുണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാന്‍ പോലീസിന് കഴിഞ്ഞില്ല. വൈകിട്ട് മൂന്നു മണിയോടെ എം.സി റോഡിന്റെ ഇരുവശവും വാഹനങ്ങള്‍ നിറഞ്ഞു. ഗതാഗതകുരുക്കും ആരംഭിച്ചു. ആദ്യമൊക്കെ ഒരു വിധത്തില്‍ വാഹനങ്ങള്‍ കടത്തി വിട്ടു. തിരക്ക് നിയന്ത്രണാതീതമായതോടെ വാഹനങ്ങള്‍ വഴി തിരിച്ചു വിടാതെ മാര്‍ഗമില്ലെന്നായി. തുടര്‍ന്ന് പന്തളം റൂട്ടിലേക്കുള്ള വാഹനങ്ങള്‍ ഉളനാട്, അമ്പലക്കടവ്, തുമ്പമണ്‍ വഴി തിരിച്ചു വിടേണ്ടി വന്നു.

ഇരുപതിനായിരത്തോളം പേരാണ് സംഗമത്തിന് എത്തിയത്. അത്രയും പേരെ ആ ഗ്രൗണ്ട് ഉള്‍ക്കൊള്ളുമായിരുന്നു. സംഘാടകര്‍ പോലും ഇത്രയും ആളെ പ്രതീക്ഷിച്ചു കാണില്ല. ഗ്രൗണ്ടിന്റെ പകുതിയ്ക്ക് വച്ചാണ് സ്‌റ്റേജ് തയാറാക്കിയത്. ഇതോടെ മൂന്നോളം ജില്ലകളില്‍ നിന്ന് വന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടക്കം ജനങ്ങൾ റോഡ് വരെ നിരന്നു. പമ്പയില്‍ നടന്ന സര്‍ക്കാര്‍ പരിപാടിക്ക് ആളില്ലാതിരിക്കുകയും വേണ്ടത്ര പ്രചാരണമില്ലാതെ നടന്ന പന്തളം പരിപാടിക്ക് വന്‍ പങ്കാളിത്തം ഉണ്ടാവുകയും ചെയ്തത് സര്‍ക്കാരിന് വലിയ നാണക്കേട് സൃഷ്ടിച്ചു.

പോലീസിന്റെ വീഴ്ച ചര്‍ച്ചയായതോടെയാണ് ഇപ്പോള്‍ എസ്.പി ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ നല്‍കിയിരിക്കുന്നത്. മുന്‍ എസ്.പി വി.ജി. വിനോദ്കുമാര്‍ തനിക്കെതിരായ വാര്‍ത്തകള്‍ ചോരുന്നതിന്റെ പേരില്‍ ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തില്‍ സമൂലം അഴിച്ചു പണി നടത്തിയിരുന്നു. വര്‍ഷങ്ങളായി സ്‌പെഷല്‍ ബ്രാഞ്ചില്‍ സേവനമനുഷ്ടിച്ചിരുന്നവരെ മുഴുവന്‍ മാറ്റി. പുതിയ ആള്‍ക്കാരെ നിയോഗിച്ചു. ഇവരുടെ പരിചയക്കുറവാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *