കുമ്പനാട്: ടികെ റോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ദുരിതവും ജീവന് തന്നെ ഭീഷണിയുമാകുന്നു. റോഡിന്റെ ഇരുവശവും ജലഅതോറിറ്റി കുഴിച്ച കുഴികളാണു കഴിഞ്ഞ കുറെ നാളായി കുമ്പനാട് ഭാഗത്ത് ജനത്തെ വലയ്ക്കുന്നത്. പൈപ്പ് ലൈനുകൾ ഇടാൻ വേണ്ടി റോഡിന്റെ ഇരുവശവും എടുത്ത കുഴികൾ മൂടി പൂർവസ്ഥിതിയിലാക്കിയില്ല. മഴ സമയത്തു കുഴികൾ എടുത്തതു മൂലം റോഡ് നിറയെ ചെളി നിറഞ്ഞ് കിടക്കുകയാണ്. ഇതുമൂലം വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുന്നു. ഇവിടെയുള്ള ഓടകൾ മൂടിയ നിലയിലാണ്. ഇതോടെ റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കാൽനട യാത്രക്കാർ തെന്നി വീഴുന്നതു പതിവായി. വാഹനം പോകുമ്പോൾ യാത്രക്കാരുടെ ദേഹത്ത് ചെളി വെള്ളം തെറിക്കുന്നു. ചെളിവെള്ളത്തിൽ കൂടിയാണ് മിക്ക കടകളിലേക്കും പ്രവേശിക്കേണ്ടത്. ഓണക്കാലമായതോടെ പ്രധാന ജംങ്ഷനുകളും വ്യാപാര ശാലകളും തിരക്കായി. ഇതോടെ കുമ്പനാട് ഭാഗത്തെ ഗതാഗതക്കുരുക്ക് പലപ്പോഴും കലോമീറ്ററുകൾ നീളുന്ന അവസ്ഥയായി. മരാമത്ത് – ജല അതോറിറ്റി തോന്നുംപടി റോഡ് കുഴിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. ഇതിന് അടിയന്തര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പനാട് യൂണിറ്റ് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നല്കി. ഒരു മാനദണ്ഡവും പാലിക്കാതെ മഴസമയത്ത് എത്തി ടികെ റോഡ് കുഴിച്ചതുമൂലം കുമ്പനാട് ജംങ്ഷനിലെ വ്യാപാരികളുടെ ബുദ്ധിമുട്ടിന് അടിയന്തര നടപടി ഉണ്ടാകാത്ത പക്ഷം വ്യാപാരികൾ റോഡ് ഉപരോധം അടക്കമുളള ശക്തമായ സമരം നടപടിയിലേക്ക് കടക്കുകയാണെന്ന് പ്രസിഡന്റ് തോമസ് ജോൺ കാടുവെട്ടൂർ, സെക്രട്ടറി മാർട്ടിൻ ആന്റണി, ട്രഷറാർ ബിനു തങ്കപ്പൻ എന്നിവർ അറിയിച്ചു.


What do you feel about this post?
Like
Love
Happy
Haha
Sad

