പത്തനംതിട്ട – കൊലപാതകക്കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് പമ്പ ത്രിവേണി അട്ടത്തോട് തടത്തിൽ വീട്ടിൽ രത്നാകാരന്റെ ഭാര്യ ശാന്ത( 51 ) യാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഊർജിതമാക്കിയ തെരച്ചിലിൽ വെച്ചൂച്ചിറ കൂത്താട്ടുകുളത്ത് നിന്നാണ് ഇന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. റാന്നി ഡിവൈഎസ്പി ആർ ജയരാജന്റെ മേൽനോട്ടത്തിലും പമ്പ പോലീസ് ഇൻസ്‌പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുമുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ഒന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് പമ്പ പോലീസ് ഇവരെ പിടികൂടാൻ അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുകയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ഭർത്താവ് ചേക്കുട്ടി എന്ന രത്നാകരനുമായി കഴിഞ്ഞവർഷം ഏപ്രിൽ 14 ന് രാത്രി, ഇരുവരും താമസിച്ച് വന്ന റാന്നി പെരുനാട് അട്ടത്തോട് പടിഞ്ഞാറേ കോളനിയിൽ ഓലിയ്ക്കൽ വീട്ടിൽ വച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന്, ഭർത്താവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ, ശാന്ത അടുക്കളയിൽ നിന്നും വിറക് കഷണം എടുത്ത് രത്നാകരന്റെ തലയ്ക്കും മുഖത്തും പലതവണ അടിച്ചു. രത്നാകരന്റെ ഓട്ടോറിക്ഷയിൽ കൊച്ചുമകനും സുഹൃത്തുക്കളും ചേർന്ന് നിലയ്ക്കൽ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.


