വിവാഹാലോചനയിലൂടെ പ്രവാസിയെയും മാതാവിനെയും പറ്റിച്ചു തട്ടിയെടുത്തത് 3.81 ലക്ഷവും അഞ്ചു പവൻ സ്വർണാഭരണവും ; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പരാതി.

Crime
Print Friendly, PDF & Email

ചെങ്ങന്നൂർ – വിവാഹപ്രായം കഴിഞ്ഞ പ്രവാസിയായ മകന് വധുവിനെ കണ്ടെത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത്, ഒരു യുവതിയുടെ ചിത്രം കാണിച്ച് 3.81 ലക്ഷം രൂപയും അഞ്ചു പവൻ സ്വർണവും തട്ടിയെടുത്ത കേസിൽ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പരാതി. പ്രതികളെ സ്‌റ്റേഷനിൽ വിളിച്ചു വരുത്തി പരാതിക്കാരിയെ കൊണ്ട് തിരിച്ചറിഞ്ഞതിന് ശേഷവും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചുവെന്നും ആക്ഷേപം.

കല്ലിശേരി സ്വദേശിയാണ് പരാതിക്കാരി. വിദേശത്ത് ജോലി ചെയ്യുന്ന 42 വയസുള്ള ഇവരുടെ മകന് വിവാഹം കഴിപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ കാണിച്ചായിരുന്നു തട്ടിപ്പ്. 2022 മുതൽ കഴിഞ്ഞ വർഷം മേയ് 30 വരെ പല തവണയായി 3,81,500 രൂപയും അഞ്ചു പവൻ സ്വർണാഭരണവും വിവാഹ ബ്രോക്കർ അടക്കം രണ്ടു സ്ത്രീകൾ ചേർന്ന് തട്ടിയെടുത്തുവെന്നാണ് പരാതി. ഇവരുടെ പരാതി പ്രകാരം പന്തളം പെരുമ്പുളിക്കൽ സ്വദേശിനി സുഭദ്രാമ്മാൾ, പത്തനംതിട്ട സ്വദേശിനി ലത, പത്തനംതിട്ട മലയാലപ്പുഴ താഴം സ്വദേശി സുശീല എന്നിവരെ പ്രതികളാക്കി കഴിഞ്ഞ മാസം 11 ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ ഇട്ടത്. ഇതിൽ ലത സാങ്കൽപ്പിക കഥാപാത്രവും ഫോണിൽ മാത്രം പ്രത്യക്ഷപ്പെടുന്നയാളുമാണ്.

പരാതിക്കാരിയുടെ മൊഴിയിൽ നിന്ന് പുറത്തു വരുന്നത് സിനിമയെ വെല്ലുന്ന തട്ടിപ്പിന്റെ കഥയാണ്. കല്യാണ ബ്രോക്കറായ മലയാലപ്പുഴക്കാരി സുശീലയും പരാതിക്കാരിയുടെ ബന്ധു കൂടിയായ സുഭദ്രയും ചേർന്ന് ലത എന്ന യുവതിയുടേതാണെന്ന് പറഞ്ഞ് ഒരു മൊബൈൽ നമ്പർ നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 42 വയസാണ് പരാതിക്കാരിയുടെ മകന്. ഇതു വരെ വിവാഹം ആയിട്ടില്ല. വിവാഹാലോചന വഴിയാണ് കല്യാണ ബ്രോക്കറായ മലയാലപ്പുഴക്കാരി സുശീലയെ പരിചയം. ഇവരാണ് സുഭദ്രയുടെ നമ്പർ കൊടുത്തിട്ട് അതിൽ വിളിക്കാൻ പരാതിക്കാരിയോട് പറയുന്നത്. ഇങ്ങനെ വിളിച്ചപ്പോഴാണ് ലത എന്നു പറയുന്ന യുവതിയുടെ കാര്യം പറയുന്നത്. ലതയാണെന്ന് പറഞ്ഞ് ഒരു ഫോട്ടോ സുശീലയും സുഭദ്രയും ചേർന്ന് പരാതിക്കാരിയെ കാണിച്ച് വിശ്വസിപ്പിച്ചു. ലതയെ പരാതിക്കാരിയുടെ മകന് വിവാഹം കഴിച്ചു കൊടുക്കാമെന്ന് ഇവർ പറഞ്ഞു. ഫോട്ടോയിലെ സുന്ദരിയെ കണ്ട് ഇഷ്ടപ്പെട്ട പരാതിക്കാരിയും മകനും ലതയെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ലത രാജസ്ഥാനിലെ തുണിമില്ലിൽ ജോലി ചെയ്യുകയാണെന്നും പക്ഷേ, അവർക്ക് ഏഴു ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നും അത് തീർത്താൽ മാത്രമേ വിവാഹം നടക്കുകയുള്ളൂവെന്നും പരാതിക്കാരിയെയും മകനെയും പ്രതികൾ വിശ്വസിപ്പിച്ചു.

ഫോട്ടോയിൽ കാണിച്ച ലതയുടേതാണെന്ന് പറഞ്ഞ് ഒരു ഫോൺ നമ്പരും പ്രതികൾ പരാതിക്കാരിക്കും മകനും കൈമാറി. മകനാകട്ടെ ഈ നമ്പരിൽ വിളിച്ചു സംസാരിച്ചു. അങ്ങനെ മറുതലയ്ക്കലുള്ള യുവതിയുമായി ഒരു ആത്മബന്ധമായി. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. ലത അച്ഛനും അമ്മയും മരിച്ച അനാഥയാണെന്നാണ് പറഞ്ഞിരുന്നത്. തുടർന്നാണ് തട്ടിപ്പ് അരങ്ങേറിയത്. ലതയുടെ കടങ്ങൾ കുറേശെയായി വീട്ടാൻ പരാതിക്കാരിയും മകനും തീരുമാനിച്ചു. പണമായും സ്വർണമായും കിട്ടുന്നത് കൊടുത്താൽ മതിയെന്നാണ് സുഭദ്ര പറഞ്ഞിരുന്നത്. 2022 ജൂലൈ 13 ന് ആദ്യം മകന്റെ മൂന്നു പവൻ സ്വർണമാല ഊരി സുഭദ്രയെ ഏൽപ്പിച്ചു. 17 ന് വീണ്ടും വീട്ടിലെത്തിയ സുഭദ്ര ആദ്യം കിട്ടിയ മാല തികഞ്ഞില്ലെന്ന് പറഞ്ഞ് പരാതിക്കാരിയുടെ രണ്ടു പവൻ മാല കൂടി വാങ്ങിക്കൊണ്ടു പോയി. ഇതിനിടെ അമ്മയെയും മകനെയും ഫോണിൽ വിളിച്ച് ലത വിശ്വാസമാർജിക്കുന്ന തരത്തിൽ സംസാരിച്ചു പോന്നു.

അതിന് ശേഷം 2.61 ലക്ഷം രൂപ ലത പറഞ്ഞ അക്കൗണ്ടിലേക്ക് ആദ്യം അയച്ചു. പിന്നീട് എട്ടു തവണയായി 80000 രൂപയും നാലു തവണയായി 40000 രൂപയും അയച്ചു കൊടുത്തു. ഏറ്റവും ഒടുവിലായി കഴിഞ്ഞ വർഷം മേയ് 14 നാണ് പണം നൽകിയത്. ഉടൻ കല്യാണം നടത്താമെന്ന് ധാരണയായതിനെ തുടർന്ന് മേയ് 28 ന് വിദേശത്ത് നിന്ന് പരാതിക്കാരിയുടെ മകൻ നാട്ടിൽ വന്നു. 30 ന് വിവാഹം നടത്താമെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്.

പിന്നാലെ സുഭദ്രയുടെ ഞെട്ടിക്കുന്ന ഫോൺ എത്തി. ഝാർഖണ്ഡിൽ നിന്ന് ലത വിമാനത്താവളത്തിലേക്ക് ഓട്ടോയിൽ വരും വഴി അപകടത്തിൽ മരിച്ചെന്നും ഈ വിവരം മകനോട് പറയേണ്ട എന്നുമായിരുന്നു സുഭദ്രയുടെ ഫോൺ സന്ദേശം. ഇതോടെ തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരിക്കും മകനും മനസിലായി. ലത എന്ന പേരിൽ തങ്ങളോട് സംസാരിച്ചത് സുഭദ്രയുടെ അടുത്ത ബന്ധുവാണെന്ന് ഇവർക്ക് സംശയമുണ്ട്. പറ്റിക്കപ്പെട്ടുവെന്ന് മനസിലായ അമ്മയും മകനും പോലീസിൽ പരാതി കൊടുത്തു. പ്രതികളെ പോലീസ് വിളിച്ചുവെങ്കിലും സ്‌റ്റേഷനിൽ വന്നില്ല.

പരാതിക്കാരിയും മകനും സുശീലയെ വിളിച്ച് കാര്യം തിരക്കിയപ്പോൾ സുഭദ്രയ്ക്ക് വലിയ പിടിപാടുണ്ടെന്നും അവരോട് മുട്ടാൻ നിൽക്കേണ്ട എന്നും ഭീഷണിപ്പെടുത്തി. എന്നാൽ, പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഒന്നാം പ്രതി സുശീലയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. പരാതിക്കാരിയെ വിളിച്ച് കാണിച്ച് പ്രതി ഇവർ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ, പിന്നീട് വിചിത്ര സംഭവങ്ങളാണ് നടന്നത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ പോലീസ് വിട്ടയച്ചുവെന്ന് പരാതിക്കാരി പറയുന്നു. മൂന്നാം പ്രതി സുഭദ്രയ്ക്ക് സ്‌റ്റേഷനിൽ ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ടത്രേ.

അതേ സമയം, കേസ് അന്വേഷണത്തിന്റെ വഴിയിൽ ആയതിനാൽ കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെന്ന നിലപാടിലാണ് ചെങ്ങന്നൂർ എസ്എച്ച്ഓ. പ്രതികളെന്ന് ‘ആരോപിക്കപ്പെടുന്നവരെ’ വിളിച്ചു വരുത്തി മൊഴി എടുത്ത് വിട്ടയച്ചു. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ വിശദാംശങ്ങൾ പറയാൻ കഴിയില്ലെന്നുമാണ് എസ്എച്ച്ഓ അറിയിക്കുന്നത്.

സാധുക്കളായ അമ്മയും മകനുമാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. പ്രതികൾക്ക് വലിയ രാഷ്ട്രീയ, പോലീസ് ബന്ധമുള്ളവരാണെന്ന് പറയപ്പെടുന്നു. ഈ സ്വാധീനം കാരണമാണ് ഇവരെ വിട്ടയച്ചത് എന്നാണ് ആരോപണം.

പരാതിയുമായി അമ്മയും മകനും പല തവണ പോലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങിയെങ്കിലും കേസ് എടുക്കാതെ വന്നപ്പോൾ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. കോടതി നിർദേശ പ്രകാരം എഫ്‌ഐആർ ഇട്ട് നടത്തുന്ന അന്വേഷണമാണ് ഇപ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *