ഇലവുംതിട്ട – അടുത്തടുത്തുള്ള അടച്ചിട്ടിരുന്ന ബന്ധുക്കളുടെ രണ്ട് വീടുകളിൽ മോഷണം നടത്തിയ കേസിൽ രണ്ടു പ്രതികൾ പിടിയിൽ. തിരുവല്ല തുകലശ്ശേരി പൂമംഗലം വീട്ടിൽ പി.എസ്.ശരത്ത് (39), കൊല്ലം ഇരവിപുരം അയത്തിൽ ജി അനിൽ കുമാർ (42) എന്നിവരാണ് പിടിയിലായത്. ചെന്നീർക്കര മത്തങ്ങാമുക്ക് കൊച്ചുമേമുറിയിൽ വീടുകളിൽ കഴിഞ്ഞ 16 ന് രാത്രി ഏഴരയോടെയാണ് മോഷണം നടന്നത്. ഇരു വീടുകളിൽ നിന്നുമായി ശുചിമുറിയിലെയും വാഷ്‌ബേസിനിലെയും 10 പിത്തള ടാപ്പുകളും ഹാളിലിരുന്ന പൂപ്പാത്രവും സ്‌റ്റോറിൽ നിന്നും ഓട്ടുരുളിയും ചെമ്പു കുട്ടകവും മോഷ്ടിച്ചു. 18 നാണ് വീടുകളിലൊന്നിന്റെ ഉടമസ്ഥ റീബ റെനി വർഗീസ് പോലീസിൽ പരാതി നൽകിയത്. ഇൻസ്‌പെക്ടർ ടി.കെ. വിനോദ് കൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്ത് അനേ്വഷണം ആരംഭിച്ചു. ഇവരുടെ വീട്ടിൽ നിന്നും പിത്തള ടാപ്പുകളാണ് മോഷണം പോയത്. ഭർതൃസഹോദരൻ രഞ്ജി വർഗീസിന്റെ വീടാണ് മോഷണം നടന്നതിൽ രണ്ടാമത്തേത്.
റീബയുടെ വീട്ടിലെ സിറ്റൗട്ടിന്റെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തകർത്ത ശേഷം ഹാളിലേക്ക് കയറുന്ന പ്രധാന വാതിലിന്റെ ഒറ്റപ്പാളിക്കതക് ഇരുമ്പ് പട്ടകൊണ്ട് തിക്കിയിളക്കി ഉള്ളിൽ കടന്നാണ് മോഷണം നടത്തിയത്. ബന്ധു വീട്ടിൽ സിറ്റൗട്ടിൽ കയറി ഹാളിലേക്കുള്ള വാതിൽ ഇരുമ്പ് പട്ട ഉപയോഗിച്ച് ഇളക്കി ഉള്ളിൽ കടന്ന് സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഓട്ടുരുളിയും ചെമ്പ് കുട്ടകവും സ്‌റ്റോറിൽ നിന്നാണ് മോഷ്ടിച്ചത്. മുകളിലെയും താഴത്തെയും നിലകളിലെ ബാത്‌റൂമുകളിൽ നിന്നും ടാപ്പുകളും എടുത്തു.
പോലീസിന്റെ പ്രാഥമിക അനേ്വഷണങ്ങൾക്ക് ശേഷം, വിരലടയാളവിദഗ്ധരെയും ഡോഗ് സ്‌കാഡിനെയും സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചു. വീടുകളിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും കൂടുതൽ സാക്ഷികളെക്കണ്ട് അനേ്വഷണം നടത്തുകയും ചെയ്ത പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ശരത്തിനെ രാത്രികാല പെട്രോളിങ്ങിനിടെ 20 ന് പുലർച്ചെ ഒരു മണിയോടെ ഉള്ളന്നൂർ ദേവീക്ഷേത്രത്തിന് സമീപത്തു നിന്നും പിടികൂടി. പോലീസ് വാഹനം കണ്ടു ഓടിമറയാൻ ശ്രമിച്ച ഇയാളെ തടഞ്ഞു പിടികൂടുകയായിരുന്നു. ശരത് കവർച്ച മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണ്. തിരുവല്ല പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തത് ഉൾപ്പെടെയുള്ള നാല് കേസുകളിലും വാകത്താനം, കോട്ടയം ഈസ്റ്റ്, കോയിപ്പുറം എന്നിവിടങ്ങളിൽ ഓരോ മോഷണ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് കൂടുതൽ അനേ്വഷണത്തിനായി ഇന്നലെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. വീടുകളുടെ വാതിൽ തകർക്കാൻ ഉപയോഗിച്ച ഇരുമ്പ്പട്ട ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പറമ്പിൽ നിന്നും കണ്ടെടുത്തു. രണ്ടാം പ്രതിക്ക് വേണ്ടിയുള്ള അനേ്വഷണം ഊർജിതമാക്കിയതിനെ തുടർന്ന്, കലഞ്ഞൂരിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. 26 നാണ് ഇയാൾ പിടിയിലായത്. മോഷ്ടിച്ച വസ്തുക്കൾ കോഴഞ്ചേരി തെക്കേമലയിലെ ആക്രിക്കടയിൽ വിറ്റതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് അവിടെ എത്തിച്ച് ഇവ കണ്ടെത്തി. കൊല്ലം ഇരവിപുരം അയത്തിൽ സ്വദേശിയായ അനിൽകുമാർ മാരാമണ്ണിലെ ഭാര്യ വീട്ടിലാണ് ഇപ്പോൾ താമസം. ചങ്ങനാശ്ശേരി ചിങ്ങവനം എന്നീ പോലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസുകളിൽ ഉൾപ്പെടെ പ്രതിയാണ് അനിൽകുമാർ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനേ്വഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓമാരായ ശ്രീരാജ്, രാകേഷ്, രാജൻ, ബിനു എന്നിവരാണ് ഉണ്ടായിരുന്നത്.


