ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും, കെന്റ് ഹിന്ദു സമാജവും ഒരുമിച്ച് സംഘടിപ്പിച്ച വിനായക ചതുർത്ഥി മഹോത്സവത്തിനു ഭക്തിനിർഭരമായ പരിസമാപ്തിയായി. തന്ത്രി മുഖ്യൻ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യ കർമികത്വം വഹിച്ചു. 108 നാളീകേരവും അഷ്ടദ്രവ്യങ്ങളും അഗ്നിയിൽ അർപ്പിച്ച് മഹാഗണപതിയെ പ്രീതിപ്പെടുത്തി ഭക്തജനങ്ങൾക്ക് ശാന്തിയും സമൃദ്ധിയും അനുഗ്രഹവും പ്രാപിക്കുവാൻ വിശിഷ്ടമായി നടത്തിയ ഈ യജ്ഞം ഇംഗ്ലണ്ടിലെ ഭക്തർക്ക് വലിയ ആത്മീയ അനുഭവമായിരുന്നു. ക്ഷേത്രം മേൽശാന്തി അഭിജിത് തിരുമേനിയും, പൂജാരി ആയ ഹരിനാരായണൻ തിരുമേനിയും ചടങ്ങുകൾക്ക് സഹ കർമികത്വം വഹിച്ചു. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ വിനായക ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുത്തു.


