ഉറങ്ങുകയായിരുന്ന കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പോക്സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ

Crime
Print Friendly, PDF & Email

പന്തളം: പതിമൂന്നു വയസുകാരിയായ കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയയാളെ പന്തളം പോലീസ് പിടികൂടി. കൊടുമൺ അങ്ങാടിക്കൽ നോർത്ത് കല്ലുകാട്ടിൽ വീട്ടിൽ വേണുലാൽ (53) ആണ് അറസ്റ്റിലായത്. 2022 ൽ കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയാണ് ഇയാൾ. വീട്ടിലെ സ്വിച്ച് ബോർഡ് നന്നാക്കാൻ എത്തിയപ്പോഴാണ് കുട്ടിയുടെ അകന്ന ബന്ധു കൂടിയായ ഇയാൾ, ഉറങ്ങുകയായിരുന്ന കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയത്.

കുട്ടി ഞെട്ടിയുണർന്നപ്പോൾ ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്തു. പിന്നീട് പുറത്തുവച്ച് കാണുമ്പോഴൊക്കെ ഇയാൾ ഇത് തുടർന്നു. ഭയന്നുപോയ കുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. പിന്നീട് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച കുട്ടി, കൗൺസിലിംഗിനിടെയാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഏപ്രിലിൽ കുട്ടിക്ക് സുഖമില്ലാതെ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം കൗൺസിലിംഗിന് വിധേയയാക്കിയപ്പോൾ വിവരം പുറത്തറിയുകയായിരുന്നു. തുടർന്ന് മൊഴിയെടുത്ത് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

അടൂർ ജെ എഫ് എം കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അങ്ങാടിക്കൽ വടക്ക് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഓ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തന്ത്രപരമായി പിടികൂടിയത്. എസ് ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാർ, പോലീസു ദ്യോഗസ്ഥരായ ടി എസ് അനീഷ്, എസ്. അൻവർഷ, കെ. അമീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *