കോന്നി : ദ്രാവിഡ ജനതയുടെ ആത്മാവിഷ്കാരങ്ങളെ താംബൂലത്തിൽ നിലനിർത്തി ആയിരത്തി ഒന്ന് ഗണപതി ശ്രേഷ്ടൻമാരിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന കല്ലേലി കൗള ഗണപതിയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഊട്ടും പൂജയും സമർപ്പിച്ചു . കരി ഗണപതി എന്ന് അറിയപ്പെടുന്ന കല്ലേലി കൗള ഗണപതിയ്ക്ക് കൗളാചാരപ്രകാരമാണ് വിശേഷാൽ പൂജകൾ നൽകിയത് .
ദക്ഷിണയും മുറുക്കാനും അവലും മലരും മുന്തിരിയും കൽക്കണ്ടവും വിവിധങ്ങളായ ഫല വർഗ്ഗങ്ങളും കാട്ടു തേനും കരിമ്പും ചുടു വർഗ്ഗങ്ങളും ,നെയ്യും മധുര പലഹാരങ്ങളും ചേർത്ത് വെച്ചു കരി ഗണപതിയ്ക്ക് കൗള ശാസ്ത്ര പ്രകാരം 999 മലകളെ വിളിച്ചുണർത്തി ഊട്ടു നൽകി .തുടർന്ന് ദീപനാളങ്ങൾ പകർന്നു പ്രകൃതിയുടെ അനുഗ്രഹത്തിന് വേണ്ടി ആരതി ഉഴിഞ്ഞു സമർപ്പിച്ചു . കിഴക്കൻ പൂങ്കാവനത്തിൽ കുടികൊള്ളുന്ന വനത്തിലെ സർവ്വ ചരാചരങ്ങൾക്കും വിവിധങ്ങളായ വിഭവങ്ങൾ നേദിച്ചു .പൂജകൾക്ക് ഊരാളിമാർ നേതൃത്വം നൽകി .



