പത്തനംതിട്ട: ടൗൺ സ്‌ക്വയർ മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി റോഡ് അടയ്ക്കാനുള്ള ശ്രമം വ്യാപാരികൾ തടഞ്ഞു. റിങ് റോഡിൽ ടൗൺ സ്‌ക്വയർ ജങ്ഷനിൽ നിന്ന് സ്വകാര്യ ബസ് സ്റ്റാൻഡിലേക്കും മുത്തൂറ്റ് ആശുപത്രിയിലേക്കുമുള്ള ഭാഗമാണ് ഇന്നലെ മുതൽ അടയ്ക്കുമെന്ന് അറിയിച്ചിരുന്നത്. ഇവിടെ മേൽപ്പാലത്തിന്റെ തൂണുകൾ നിർമിക്കുന്നതിന് വേണ്ടിയുള്ള പണി നടത്തുന്നതിന് വേണ്ടിയാണ് റോഡുകൾ അടയ്ക്കുമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചിരുന്നത്. രാവിലെ തന്നെ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ഇറങ്ങി വരുന്ന ഭാഗം പൊതുമരാമത്ത് അധികൃതർ അടച്ചിരുന്നു. ഇതിന പിന്നാലെയാണ് വ്യാപാരികൾ രംഗത്തിറങ്ങി ഉദ്യോഗസ്ഥരെ തടഞ്ഞത്. ഓണക്കാലത്ത് വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് പൊതുമരാമത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഗതാഗതം തടഞ്ഞത്. ഓണക്കാലം ലക്ഷ്യമിട്ട് വ്യാപാരികൾ ലക്ഷങ്ങളുടെ സാധനങ്ങൾ സ്‌റ്റോക്ക് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റോഡ് അടയ്ക്കുന്നത് കച്ചവടക്കാരെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് പറഞ്ഞാണ് വ്യാപാരികൾ ഉദ്യോഗസ്ഥരെ തടഞ്ഞത്. വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന തീരുമാനമാണിതെന്ന് അബ്ദുൾ ഷുക്കൂർ പറഞ്ഞു.
നഗരസഭ ചെയർമാൻ അധ്യക്ഷനായിട്ടുള്ള ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയോട് ആലോചിക്കാതെയാണ് ഗതാഗതം വഴി തിരിച്ചു വിട്ടത്. കമ്മറ്റി കൂടിയിട്ടാണ് ഇത്തരമൊരു തീരുമാനമെങ്കിൽ അതിന്റെ മിനുട്‌സ് കാണണമെന്നും ഷുക്കൂർ ആവശ്യപ്പെട്ടു. പ്രതിഷേധം കനത്ത സാഹചര്യത്തിൽ ജില്ലാ കലക്ടർ വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ചു. എസ്.പിയും ഡിവൈ.എസ്.പിയും വ്യാപാരി വ്യവസായി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിളിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് കലക്ടർ അനുകൂലമായി പ്രതികരിച്ചു. കമ്മറ്റി വിളിക്കാമെന്ന് അദ്ദേഹം ഉറപ്പു കൊടുത്തു. ഓണക്കച്ചവടത്തിന് ശേഷം മാത്രമേ ടൗൺ സ്‌ക്വയറിൽ നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് അടയ്ക്കുകയുള്ളൂവെന്ന് കലക്ടർ വ്യാപാരികൾക്ക് ഉറപ്പു നൽകി.
മേൽപ്പാല നിർമാണത്തിന്റെ പേരിൽ വലിയ ദുരിതമാണ് വ്യാപാരികൾ നിലവിൽ അനുഭവിക്കുന്നത്. കടകളിൽ വ്യാപാരം മൂന്നിലൊന്നായി. യാതൊരു ആവശ്യവുമില്ലാത്തതാണ് ഈ മേൽപ്പാലമെന്നതാണ് ജനങ്ങളുടെ പ്രതികരണം. ഇവിടെ ഒരു മേൽപ്പാലം വരുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഗതാഗത കുരുക്കിന്റെ പേര് പറഞ്ഞ് കൊണ്ടു വന്ന മേൽപ്പാലം വലിയ ദുരന്തമായി മാറുന്നതാണ് കാണുന്നത്. ജങ്ഷനുകളിലെ ബസ് സ്‌റ്റോപ്പ് ഒഴിവാക്കുകയും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്താൽ തീരാവുന്ന വിഷയത്തിന്റെ പേരിൽ കൊണ്ടു വന്ന മേൽപ്പാലം മന്ത്രി വീണാ ജോർജിന്റെ സ്വപ്ന പദ്ധതിയാണ്. എന്നാൽ, ഇത് ചില സ്ഥാപിത താൽപര്യക്കാർക്ക് വേണ്ടി മാത്രം ഉള്ളതാണെന്നാണ് നാട്ടുകാർ പറയുന്നത്.


