ചെങ്ങന്നൂർ – തട്ടുകട ഒഴിപ്പിക്കാനെത്തിയ നഗരസഭാ ജീവനക്കാരുടെ മേലേക്ക് ചൂടു പാൽ ഒഴിച്ച സംഭവത്തിൽ തട്ടുകടക്കാരിക്കെതിരെ കേസ് എടുത്തു. ഒഴിപ്പിക്കാൻ വന്ന നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ പാർട്ടി നേതാക്കൾക്കെതിരെയും കേസെടുത്തു.
പാൽ ഒഴിച്ചതിന് തിട്ടമേൽ മോഴിയാട്ട് രാഖിക്കെതിരെയാണ് കേസെടുത്തത്. ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടി നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ്. നഗരസഭാ ഓഫിസിന് മുന്നിലെ നടപ്പാത കയ്യേറി രാഖി ചായക്കച്ചവടം നടത്തിയിരുന്നത് ഒഴിപ്പിക്കാനെത്തിയ ഹെൽത്ത് സൂപണ്ട് സി. നിഷയുടെ നേതൃത്വത്തിലുളള സംഘത്തിന് നേരെയാണ് ശനിയാഴ്ച വൈകിട്ട് ഈ ചൂടുപാൽ ഒഴിച്ചുള്ള അതിക്രമമുണ്ടായത് . ഇതിനു പിന്നാലെ തിളച്ച് എണ്ണ ഒഴിക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും പോലീസ് ഇടപെട്ടാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
വെള്ളിയാഴ്ച വഴിയോരക്കച്ചവടം ഒഴിപ്പിക്കാനെത്തിയ നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗവും സിഐടിയു ഏരിയ സെക്രട്ടറിയുമായ എം.കെ.മനോജ്, നഗരസഭാ വഴിയോരക്കച്ചവട നിയന്ത്രണ കമ്മിറ്റി അംഗം അനീഷ്കുമാർ (അമ്പിളി), പി.രഞ്ജിത്ത്, സുധി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇന്നലെ ഷൈനി ഏബ്രഹാം റോഡിൽ വഴിയോരക്കച്ചവടം ഒഴിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമവും പരാജയപ്പെട്ടു. നാടോടികൾ ഉൾപ്പെടെയുള്ള കച്ചവടക്കാരെ ഒഴിപ്പിച്ചു തിരിച്ചു പോയപ്പോഴേക്കും അവരെല്ലാം വീണ്ടും തിരികെയെത്തി കച്ചവടമാരംഭിച്ചു. ശബരിമല തീർഥാടനകാലത്ത് വീതികുറവുള്ള റോഡുകളിലെ വഴിയോരക്കച്ചവടം നിരോധിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നത്തിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നടപടി .
What do you feel about this post?
Like
Love
Happy
Haha
Sad

