റാന്നി – ജനകീയ ജലസംരക്ഷണ പദ്ധതി ‘ജലമിത്ര’ ഭാവിയിലേക്കുള്ള കരുതലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തപോവൻ അരമനയിലെ കലമണ്ണിൽ ഉമ്മനച്ചൻ മെമ്മോറിയൽ ഹാളിൽ ജലമിത്ര പദ്ധതി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജലസ്രോതസുകളാൽ സമ്പന്നമാണ് സംസ്ഥാനം. സമൃദ്ധമായ മഴയും ലഭിക്കുന്നു. എന്നാൽ ശുദ്ധജല ദൗർലഭ്യവും ഭൂഗർഭജല തോതും കുറയുന്നത് ഭീഷണിയാണ്. കിണറുകളിൽ മലിനമാകാതെ വെള്ളം സംരക്ഷിക്കപ്പെടണം.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 270 കോടി ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു. സംസ്ഥാനത്ത് മൂന്നര വർഷത്തിനുള്ളിൽ 44 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനായി. 18 വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജലമിത്ര പദ്ധതി മികച്ച സന്ദേശം നൽകുന്നു. ജലം ശ്രദ്ധയോടെ ഉപയോഗിച്ച് ഭാവിയിലേയ്ക്കും പ്രയോജനപ്പെടുത്താൻ പദ്ധതി സഹായിക്കും. കുഴൽ കിണറുകൾ, ആർട്ടിഫിഷ്യൽ റീചാർജിങ്, കിണർ സംരക്ഷണ പദ്ധതി തുടങ്ങി നിരവധി പ്രവർത്തനം ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
ജലസമൃദ്ധമായ റാന്നിയെ വരുംതലമുറയ്ക്ക് കൈമാറുമെന്ന് അധ്യക്ഷൻ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. റാന്നിയിലെ 12 സ്‌കൂളുകളിൽ ഹരിത കേരള മിഷൻ ജലലാബുകൾ ഒരുക്കും. തെളിനീർചാൽ, കുളം, തോട് എന്നിവയ്ക്ക് സംരക്ഷണം ഒരുക്കും. വീടുകളിൽ മഴവെള്ള സംഭരണികളും കുഴികളും സാധ്യമാക്കി എല്ലാ കുടുംബങ്ങളെയും പദ്ധതിയുടെ ഭാഗമാക്കി മാറ്റുമെന്നും എംഎൽഎ പറഞ്ഞു.

മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പദ്ധതിയുടെ ലോഗോ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയിൽ നിന്നും ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ് ആദില, ഭൂവിനിയോഗ കമ്മീഷണർ യാസ്മിൻ എൽ റഷീദ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

