കുവൈത്ത് സിറ്റി – അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ സ്ഥലങ്ങളിൽ വിഷമദ്യം കഴിച്ച 10 വിദേശികളെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുവൈറ്റ് സുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. മരിച്ചവരുടെയോ ചികിത്സയിൽ കഴിയുന്നവരുടെയോ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ മലയാളികൾ, തമിഴ്‌നാട് സ്വദേശികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് ദുരന്തത്തിന് ഇരയായത് എന്നാണ് സൂചന. ഒട്ടേറെ പേർ അദാൻ, ഫർവാനിയ എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ് എന്നുമാണറിയുന്നത്. അഹമ്മദി ഗവർണറേറ്റിൽ താമസിക്കുന്നവരാണ് മരിച്ചവരെന്നാണ് സൂചന. അതേസമയം മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണം ലഭ്യമല്ല. ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടതായും സൂചനയുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജ മദ്യനിർമാണത്തിനെതിരെ അധികൃതർ കടുത്ത നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ദുരന്തം ഉണ്ടാകുന്നത്. ഒരേ കേന്ദ്രത്തിൽനിന്ന് മദ്യം വാങ്ങി വ്യത്യസ്ത സ്ഥലങ്ങളിൽവച്ച് മദ്യപിച്ചവരാണ് അപകടത്തിൽപെട്ടത്. വിഷമദ്യം കഴിച്ച് അവശരായവർ ഞായറാഴ്ച മുതലാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. കഴിഞ്ഞ മേയിലും കുവൈത്തിൽ വിഷമദ്യം കഴിച്ച് 2 നേപ്പാൾ സ്വദേശികൾ മരിച്ചിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

