വിനായകന്റെ പിടിവിട്ടു പോയി ; അടൂർ സ്വർണമെന്ന് കരുതിയ ചെമ്പെന്നും കരുനാഗപ്പള്ളി എംഎൽഎ സിആർ മഹേഷ്

Kerala Cinema
Print Friendly, PDF & Email

പത്തനംതിട്ട: ഉരച്ചു നോക്കുമ്പോഴാണ് സ്വർണമെന്ന് കരുതിയതൊക്കെ ചെമ്പാണെന്ന് അറിയുന്നതെന്ന് കെപിസിസി സംസ്‌കാര സാഹിതി ചെയർമാൻ സിആർ മഹേഷ് എം.എൽ.എ പറഞ്ഞു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടൻ വിനായകന്റെ പിടിവിട്ടു പോയിരിക്കുകയാണെന്നും യേശുദാസിനെയും അടൂരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച വിനായകനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക പ്രവർത്തനമെന്നാൽ ചിലരുടെ കുത്തകയാണെന്ന് ഒരു ധാരണയുണ്ടായിരുന്നു. താടി വളർത്തി, സഞ്ചി ധരിച്ചു നടന്നതു കൊണ്ട് മാത്രം സാംസ്‌കാരിക പ്രവർത്തകനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി സംസ്‌കാര സാഹിതി കലാകാരന്മാരുടെ ഉന്നതിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കേളകത്ത് വാഹനം മറിഞ്ഞു മരിച്ച രണ്ടു നാടക കലാകാരികളെ സർക്കാർ തിരിഞ്ഞു നോക്കിയില്ല. സംസ്‌കാര ചടങ്ങിന് 25,000 രൂപ വീതം നൽകിയതോടെ സർക്കാരിന്റെ ബാധ്യത തീർന്നു. മരണപ്പെട്ടവരുടെ കുടുംബം അനാഥത്വത്തിലാണ്. അവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നൽകേണ്ടിയിരുന്നു. സംസ്‌കാര സാഹിതി അരലക്ഷത്തോളം രൂപ ഇരുകുടുംബങ്ങൾക്കുമായി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

കലാകാരൻമാർക്ക് ഇടത് സർക്കാർ യാതൊരു സഹായങ്ങളും നൽകുന്നില്ല. അവശത അനുഭവിക്കുന്ന നിരവധി പേരുണ്ട്. ആദ്യകാലത്ത് കെ. പി. എ. സി പോലുള്ള നാടക സമിതികൾ നാട്ടിൻ പുറങ്ങളിൽ നാടകം അവതരിപ്പിച്ചാണ് ഇടത് പക്ഷം അധികാരത്തിൽ വന്നത് . എന്നാൽ നാടക സമിതികളെയും കലാകാരൻമാരെയും ഇടതുപക്ഷം വഴിയിൽ ഉപേക്ഷിച്ചു. രാത്രിയിൽ കലാപരിപാടികൾ അവതരിപ്പിക്കുന്ന കലാകാരൻമാരുടെ പേരിൽ പോലും പോലീസ് കേസുകൾ എടുത്തു കൊണ്ടിരിക്കുകയാണ്. സംസ്‌കാര സഹിതി അവതരിപ്പിച്ചു വരുന്ന മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നാടകത്തിന് രാഷ്ടീയ കാരണത്താൽ അവാർഡ് തരാൻ സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് സംസ്‌കാരിക മുഖം നൽകുകയെന്നതാണ്? സംസ്‌കാര സാഹിതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ നിയന്ത്രണത്തിന് മുതിർന്ന അംഗങ്ങൾ ഇല്ലാത്തത് പ്രശ്‌നങ്ങൾക്ക് കാരണം

അമ്മ സംഘടനയിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുതിർന്ന താരങ്ങളുടെ ഇടപെടൽ ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് പറഞ്ഞു. നിയന്ത്രണം അഡ്‌ഹോക്ക് കമ്മറ്റിക്കാണ്. അവരുടെ നിയന്ത്രണത്തിൽ കാര്യങ്ങൾ നിൽക്കുന്നില്ല. ശ്വേതാ മേനോന് എതിരായ കേസ് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കാര സാഹിതി സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടിവ് 9,10 തീയതികളിൽ

കെ.പി.സി.സി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടിവ് 9,10 തീയതികളിൽ ചരൽക്കുന്നിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം ഒമ്പതിന് രാവിലെ പത്തിന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ചെയർമാൻ സി.ആർ. മഹേഷ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്, യു.ഡി.എഫ് ചെയർമാൻ അടൂർ പ്രകാശ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എം.പി, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ എന്നിവരും എഴുത്തുകാരൻ വിനോയി തോമസ്, ഡോ. സിറിയക് തോമസ്, കവി രാജീവ് ആലുങ്കൽ, നടൻ ഗിന്നസ് പക്രു തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും. ചിത്രപ്രദർശനം, പുസ്തക പ്രദർശനം, കലാപരിപാടികൾ എന്നിവയും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ സി. ആർ. മഹേഷ് എം.എൽ.എ, വർക്കിങ് ചെയർമാൻ എൻ.വി. പ്രദീപ് കുമാർ, ജനറൽ കൺവീനർ ആലപ്പി അഷറഫ്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അനി വർഗീസ്, ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.എം. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ. രാജേഷ് ചാത്തങ്കരി, ഷിജു സ്‌കറിയ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *