സിവിൽ ഡിഫൻസ് വോളൻ്റിയർമാർക്ക് പരിശീലനം നൽകി.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നും തിരഞ്ഞെടുത്ത 50 സിവിൽ ഡിഫൻസ് വോളണ്ടിയർമാരെ ഉൾപ്പെടുത്തി നടത്തുന്ന തുടർപരിശീലനം അഗ്നിരക്ഷാ വകുപ്പ് പത്തനംതിട്ട ജില്ലാ ആസ്ഥാന കാര്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ അശ്വിൻമോഹൻ സ്വാഗതവും, ഡിവിഷണൽ വാർഡൻ ഫിലിപ്പോസ് മത്തായി കൃതജ്ഞതയും രേഖപ്പെടുത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എ. സാബു, സിവിൽ ഡിഫൻസ് ജില്ലാ കോർഡിനേറ്റർ എ. പി ദില്ലു, വിവിധ നിലയങ്ങളിലെ പോസ്റ്റ് വാർഡന്മാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

നിലവിൽ സംസ്ഥാനതല പരിശീലനം പൂർത്തിയാക്കിയിട്ടുള്ള അൻപത് പേർക്കാണ് തുടർ പരിശീലനം നടത്തുന്നത്. ആദ്യഘട്ടം എന്ന നിലയിൽ “ഫ്ലഡ് റസ്ക്യൂ ആൻഡ് മിറ്റിഗേഷൻ” എന്ന വിഷയത്തിൽ ആണ് ഇവർക്ക് പരിശീലനം നൽകുന്നത്. ജലാശയ അപകടങ്ങളും, മണ്ണിടിച്ചിലും ഒക്കെ ബാധിക്കുന്ന ജില്ല എന്ന നിലയിൽ പരിശീലനം സിദ്ധിച്ച കൂടുതൽ ആളുകൾ സിവിൽ ഡിഫൻസിലേക്ക് വരേണ്ടതിൻ്റെ പ്രാധാന്യം ഡെപ്യൂട്ടി കളക്ടർ ചൂണ്ടിക്കാട്ടി. അപകട സാഹചര്യങ്ങളിൽ സ്വയരക്ഷ കൂടി ഉറപ്പ് വരുത്തി വേണം രക്ഷാപ്രവർത്തനം നടത്തുന്നതിനായി മുന്നിട്ടിറങ്ങുന്നതിന് എന്നും, അതിൻ്റെ ഭാഗായി കൂടുതൽ പൊതുജനങ്ങളിലേക്ക് സുരക്ഷാപാഠം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സിവിൽ ഡിഫൻസ് രൂപീകൃതമായിട്ടുള്ളത് എന്നും, സർക്കാർ ജീവനക്കാർക്കും സിവിൽ ഡിഫൻസിൽ പങ്കാളികൾ ആകുന്നതിന് അനുമതി ഉണ്ട് എന്നും സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ പറഞ്ഞു. നാല് ദിവസം നീളുന്ന പരിശീലനത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച വിദഗ്ധർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പരിശീലനത്തിന് പുറമെ പ്രഥമ ശുശ്രൂഷ, കെട്ടിട തകർച്ചയിലെ തിരച്ചിലും രക്ഷാപ്രവർത്തനവും, ദുരന്തനിവാരണപ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളിലും ഇവർക്ക് തുടർപരിശീലനം നൽകി സജ്ജരാക്കുകയും അടിയന്തരഘട്ടങ്ങളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുകയുമാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആണ് ക്ലാസുകൾ നടക്കുന്നത്.

ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ ജലാശയ അപകടങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കുമെന്നും അതിലൂടെ അഗ്നിരക്ഷാ സേനയ്ക്ക് കൂടുതൽ കരുത്ത് കൈവരും എന്ന് ജില്ലാ ഫയർ ഓഫീസർ പ്രതാപ് ചന്ദ്രൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *