നാളെ പുലർച്ചെയാണ് സന്നിധാനത്ത് നിറപുത്തരി ചടങ്ങുകൾ

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി – നാളെ പുലർച്ചെയാണ് സന്നിധാനത്ത് നിറപുത്തരി ചടങ്ങുകൾ നടക്കുന്നത്. ഇല്ലം നിറ ചടങ്ങുകളുടെ ഭാഗമായാണ് ക്ഷേത്രങ്ങളിൽ നിറപുത്തരി ചടങ്ങുകൾ നടന്നിരുന്നത്. പാടത്ത് വിളയുന്ന പുന്നെല്ലിനെ ലക്ഷ്മീദേവിയുടെ പ്രതീകമായി കണ്ട് വീടുകളിലേക്ക് സ്വീകരിക്കുന്ന ചടങ്ങാണ് ഇല്ലം നിറ. ഈ ദിവസം വീടുകളുടെ പ്രധാന വാതിലിന് മുൻപിൽ നെൽകറ്റകൾ തൂക്കുന്ന പതിവും ഉണ്ടായിരുന്നു. എന്നാൽ നെൽകൃഷി അന്യമായതോടെ ചടങ്ങുകൾ ക്ഷേത്രങ്ങളിലേക്ക് ചുരുങ്ങി.

ശബരിമല ക്ഷേത്രത്തിൽ പാലക്കാട് കൊല്ലങ്കോട്, അച്ചൻകോവിൽ, ആറൻമുള എന്നിവിടങ്ങളിൽ നിന്നുള്ള നെൽക്കതിരുകളാണ് പ്രധാനമായും നിറപുത്തരി ചടങ്ങുകൾക്കായി ഉപയോഗിക്കുന്നത്. ഭക്തർ കൊണ്ടുവരുന്ന നെൽകറ്റകളും ചടങ്ങുകൾക്കായി എടുക്കും. കൂടാതെ2018 ലെ പ്രളയത്തിന് ശേഷം സന്നിധാനത്ത് മാളികപ്പുറത്തിന് സമീപം നിറപുത്തരിക്കായി കരനെൽ കൃഷിയും നടത്തിവരുന്നുണ്ട്. അച്ചൻകോവിലിൽ നിന്നും നിറപുത്തരിക്കായി ശബരിമലയിലേക്കുള്ള നെൽക്കതിരും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്ക് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ സ്വീകരണം നൽകി. ഘോഷയാത്ര ഇന്ന് വൈകുന്നേരം ശബരിമലയിലെത്തിച്ചേരും

നാളെ പുലർച്ചെ 5. 30 നും 6.30 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ നടക്കും. ചടങ്ങുകൾക്ക് തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. നെൽക്കതിരുകൾ ആദ്യം കിഴക്കെ മണ്ഡപത്തിലും പിന്നീട് ശ്രീകോവിലിലും പൂജിച്ച ശേഷം ശ്രീകോവിലിൻ്റെ മുന്നിൽ ഒരു നെൽക്കറ്റകെട്ടും. തുടർന്ന് പൂജിച്ച നെൽക്കതിരുകൾ ഭഗവത് പ്രസാദമായി ഭക്തർക്ക് വിതരണംചെയ്യും. ഈ നെൽക്കതിരുകൾ വീടുകളിൽ സൂക്ഷിക്കുകയോ, നെൽകറ്റകളാക്കി വീടിൻ്റെ പ്രധാനവാതിലിന് മുന്നിൽ തൂക്കുകയോ ചെയ്താൽ വർഷംമുഴുവൻ ധന ധാന്യ സമ്പത് സമ്യദ്ധി ഉണ്ടാവും എന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *