പത്തനംതിട്ട – മല്ലശ്ശേരി വലഞ്ചൂഴിയിലെ രോഗികളായ ദമ്പതികളുടെ വീട്ടിലേക്കുള്ള ഏക നടവഴി തടസ്സപ്പെടുത്തിയെന്ന പരാതി ആർ.ഡി.ഒ. പരിശോധിച്ച് പൊതുവഴിയാണെന്ന് കണ്ടെത്തിയാൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
മല്ലശ്ശേരി വലഞ്ചൂഴി സ്വദേശിനി ശ്യാമളകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. പ്രമാടം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 80 മീറ്റർ നീളവും നാലടി വീതിയുമുള്ള വഴി തർക്കത്തിലാണെന്നും വഴിയിൽ മതിലോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളോ നടത്താൻ എതിർകക്ഷി ശ്രമിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാർ ആരോഗ്യപരമായി മോശം അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വഴി തടസപ്പെടുത്തിയെന്ന പരാതി അടൂർ ആർ.ഡി.ഒ. ക്ക് നൽകാൻ കമ്മീഷൻ പരാതിക്കാർക്ക് നിർദ്ദേശം നൽകി. ആർ.ഡി.ഒ. ഇരുകക്ഷികളെയും നേരിൽ കേട്ടും റവന്യു രേഖകൾ പരിശോധിച്ചും തർക്കവഴി പൊതുവഴിയാണോ എന്നതിൽ വ്യക്തത വരുത്തണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് അടൂർ ആർ.ഡി.ഒ. ക്ക് നിർദ്ദേശം നൽകി.


