പത്തനംതിട്ട – ഒരേ സ്‌കൂളിൽ പഠിക്കുന്ന പതിനഞ്ചുകാരിയുടെ നഗ്‌നചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചതിന് കുട്ടിയുടെ മൊഴി പ്രകാരം രണ്ട് കൗമാരക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. പ്ലസ് വണ്ണിന് പഠിക്കുന്ന പെൺകുട്ടി ഒമ്പതാം ക്ലാസ് മുതൽ ഒപ്പം പഠിച്ച ആൺകുട്ടിയുമായി സ്‌നേഹബന്ധത്തിലായിരുന്നു. ഇയാളുടെ നിർബന്ധപ്രകാരം നഗ്‌നചിത്രങ്ങൾ ഫോൺ മുഖേന അയച്ചു കൊടുത്തു. ഇത് ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചത് സുഹൃത്ത് കണ്ടു. പിന്നീടും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി ഫോട്ടോകൾ വാങ്ങി.
പ്ലസ് വണ്ണിന് പഠിക്കുന്ന മറ്റൊരു കൗമാരക്കാരനുമായി കുട്ടി തുടർന്ന് പരിചയത്തിലായി. ഇയാൾ കുട്ടിയെ ദേഹത്തു കടന്നുപിടിച്ച് അപമാനിക്കുകയും നഗ്‌നഫോട്ടോകൾ കൈക്കലാക്കുകയും ചെയ്തു. സ്‌കൂളിലെ കൗൺസിലിങ്ങിലൂടെ വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് മാതാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം കുട്ടിയെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പുകളനുസരിച്ചും, ഐ ടി നിയമപ്രകാരവും, പോക്‌സോ നിയമപ്രകാരവും ഇരുവർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു.


