അടൂർ – തന്റെ സുഹൃത്തായ യുവതിയെ വീട്ടിൽ കയറി മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് മർദ്ദിച്ചതിന് യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പന്നിവിഴ പരുത്തിയിൽ താഴെതിൽ ജോബിൻ ബാബു (21)ആണ് പിടിയിലായത്. 25 ന് ഉച്ചക്ക് 2 ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മൊബൈൽ ചാർജർ കേബിൾ കൊണ്ടും, വീട്ടിലിരുന്ന കേബിൾ കൊണ്ടും പുറത്തും കൈകാലുകളിലും അടിക്കുകയായിരുന്നു. രണ്ട് കേബിളും ചേർത്തു ഒരുമിച്ച് വച്ചാണ് മർദ്ദിച്ചത്. വേദനയും നീരും കാരണം അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നും യുവതിയോടുള്ള സംശയം മൂലമാണ് ജോബിൻ ഉപദ്രവിച്ചതെന്നും മൊഴിയിൽ വെളിപ്പെടുത്തി.
ഇന്നലെ രാത്രി പിതാവ് ഏനാത്ത് പോലിസ് സ്‌റ്റേഷനിൽ പരാതി നൽകിയതിനെതുടർന്ന്, യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. എസ് സി പി ഓ സിന്ധു എം കേശവൻ മൊഴി രേഖപ്പെടുത്തി, എസ്.ഐ ആർ.ശ്രീകുമാറാണ് കേസെടുത്തത്. ഇരുവരും മൂന്നുവർഷമായി സൗഹൃദത്തിലാണ്. നിരന്തരം ഫോൺ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്യാറുമുണ്ട്. വീട്ടിൽ ആരും ഇല്ലാതിരുന്ന നേരത്താണ് ഇയാൾ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചത്. പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു, ചാർജർ കേബിൾ കണ്ടെടുത്തു. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.


