തിരുവല്ല: തെറ്റായ ദിശയിൽ സ്‌കൂട്ടർ ഓടിച്ചു വന്നത് ചോദ്യം ചെയ്തതിന് ബൈക്ക് യാത്രികനെയും കുടുംബാംഗങ്ങളെയും മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമയാറ്റുകര കല്ലിശ്ശേരി വള്ളിച്ചിറയിൽ വീട്ടിൽ വി.ആർ. രാഹുലിനെ (32) ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് ഓതറപണ്ടാരത്തറയിൽ വീട്ടിൽ ജോൺ പി. വർഗീസ്, സഹോദരൻ, മാതാവ് എന്നിവർക്കാണ് മർദനമേറ്റത്. കേസിൽ ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ് നാലിന് വൈകിട്ട് 5.30 ന് വെസ്റ്റ് ഓതറ കാഞ്ഞിരത്താമോടിയിൽ വച്ചാണ് സംഭവം. ജോൺ സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ രാഹുലും മറ്റൊരാളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ പാഞ്ഞു ചെല്ലുകയായിരുന്നു.
ഒപ്പമുള്ള ആളാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. പരിഭ്രാന്തനായ ജോൺ ഇങ്ങനെയാണോ വണ്ടി ഓടിക്കുന്നത് എന്ന് ചോദിച്ച് പ്രതികളെ ചോദ്യംചെയ്തു. ഇതിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയത്. പിന്നീട് രണ്ടു പേർ കൂടി ആക്രമണത്തിന് എത്തി. ജോണിനെ നിലത്തിട്ട് ചവിട്ടുകയും ഹെൽമറ്റ് കൊണ്ട് അടിക്കുകയും ചെയ്യുന്നത് കണ്ട് ഓടിയെത്തിയ സഹോദരനെയും പ്രതികൾ മർദിച്ചു. മക്കളെ മർദിക്കുന്നത് കണ്ട് വന്ന മാതാവിനെയും മർദ്ദിച്ചു. ജോണിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഹുലിനെ കുമ്പനാട് പുല്ലാടുള്ള ഭാര്യവീടിനു സമീപത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ മറ്റു പ്രതികളുടെ കൈവശമാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. മൂന്നു പ്രതികൾ ഒളിവിലാണ്. പോലീസ് ഇൻസ്‌പെക്ടർ എസ്. സന്തോഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. എസ്.ഐ ഡോമിനിക് മാത്യു, എസ്.സി.പി.ഓമാരായ പുഷ്പദാസ്, അഖിലേഷ്, സി.പി.ഓ ടോജോ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

