പത്തനംതിട്ട നഗരസഭയിലെ എസ്ഡിപിഐ – സിപിഎം ബന്ധം ചോദ്യം ചെയ്ത സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. കൊടുന്തറ മുൻ ബ്രാഞ്ച് സെക്രട്ടറി വിളവിനാൽ വീട്ടിൽ റോബിൻ വിളവിനാലി(30)നാണ് ആറിന് രാത്രി ഒമ്പതരയോടെ വീടിന് സമീപം വെട്ടേറ്റത്. റോബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, കൗൺസിലർ ആർ. സാബു, സി.പി.എം പ്രാദേശിക നേതാക്കളായ നവീൻ വിജയൻ, അജിൻ, കണ്ടാലറിയാവുന്ന മൂന്നു പേർ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഒന്നര മാസം മുൻപാണ സി.പി.എം വിട്ട് റോബിൻ സി.പി.ഐയിൽ ചേർന്നത്. എസ്.ഡി.പി.ഐയുമായി ചേർന്ന് സി.പി.എം നഗരസഭ ഭരിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചായിരുന്നു റോബിന്റെ പടിയിറക്കം.

രണ്ടാഴ്ച മുൻപ് മന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് എസ്.ഡി.പി.ഐ നേതൃത്വത്തിൽ മാർച്ചും വീടുകൾ തോറും കയറിയിറങ്ങിയുള്ള പ്രചാരണവും നടത്തിയിരുന്നു. ഇതിന് പിന്നിൽ നഗരസഭ ചെയർമാൻ സക്കീർ ഹുസൈനാണെന്ന് റോബിൻ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സ്‌പോൺസേർഡ് സമരം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എം.എൽ.എ വീണാ ജോർജിനെതിരേ എസ്.ഡി.പി.ഐ സമരം ചെയർമാൻ സക്കീർ ഹുസൈന്റെ തീരുമാന പ്രകാരം എന്നായിരുന്നു പോസ്റ്റ്.

ഇതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് റോബിൻ പറഞ്ഞു.
വീടിനടുത്ത കടയുടെ സമീപത്ത് നിൽക്കുകയായിരുന്ന റോബിനെ മങ്കി ക്യാപ് ധരിച്ച് ബൈക്കിൽ വന്ന മൂന്നംഗ സംഘമാണ് ആക്രമിച്ചത്. തൊട്ടടുത്ത് ബൈക്ക് വന്നു നിന്നപ്പോൾ പന്തികേട് തോന്നിയ റോബിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് ചെന്ന സംഘം തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഒഴിഞ്ഞു മാറിയപ്പോൾ ആ വെട്ട് താടിക്കാണ് കൊണ്ടത്. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പിന്നിലും പരുക്കുണ്ട്. നീ സക്കീർഹുസൈനെതിരേ പോസ്റ്റ് ഇടുമല്ലേടാ എന്നാണ് അക്രമികൾ ആക്രോശിച്ചതെന്ന് റോബിൻ പറയുന്നു. റോബിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അയൽക്കാരനും അടിയേറ്റു. റോബിൻ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.
നഗരസഭയിലെ എസ്.ഡി.പി.ഐ ബാന്ധവമാണ് താൻ പാർട്ടി വിടാൻ കാരണം. ഇടതു മുന്നണിയിൽ തന്നെ തുടരണം എന്നതിനാലാണ് സി.പി.ഐയിൽ ചേർന്നത്.

ഇവിടെ നിന്നും എസ്ഡിപിഐ ബാന്ധവത്തിനെതിരേ ശബ്ദമുയർത്തിയിരുന്നുവെന്നും റോബിൻ പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. പ്രതികളെ കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാണെന്നുമാണ് വിവരം. നഗരസഭയിൽ സി.പി.എം ഭരിക്കുന്നത് എസ്.ഡി.പി.ഐ പിന്തുണയോടെയാണെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. എന്നാൽ, ചെയർമാൻ ടി. സക്കീർഹുസൈനും എസ്.ഡി.പി.ഐ നേതൃത്വവും ഈ ആക്ഷേപം നിഷേധിക്കുകയാണുണ്ടായത്. സി.പി.എമ്മിൽ ആയിരുന്നപ്പോൾ മന്ത്രി വീണാ ജോർജിനൊപ്പം നിലയുറപ്പിച്ചിരുന്നയാളാണ് റോബിൻ വിളവിനാലും സി.പി.എമ്മിന്റെ നഗരസഭ കൗൺസിലർ വി.ആർ. ജോൺസനും. സി.പി.എം ബാന്ധവം സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചതിന്റെ പേരിൽ ജോൺസനെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *