വാട്ടർ അതോറിറ്റിയുടെ ഇരുമ്പ് പൈപ്പുകൾ മുറിച്ച് ആക്രിവിലയ്ക്ക് വിറ്റു: യുവാവ് അറസ്റ്റിൽ

Crime Pathanamthitta
Print Friendly, PDF & Email

റാന്നി: വ്യക്തികളുടെ പുരയിടത്തിൽ നിന്ന് കുടിവെള്ള വിതരണത്തിനുള്ള ഇരുമ്പ് പൈപ്പ് മുറിച്ച് ആക്രിക്കടയിൽ വിറ്റ് അരലക്ഷത്തോളം രൂപ സമ്പാദിച്ച യുവാവിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരുനാട് കിഴക്കേ മാമ്പാറ മുരുപ്പേൽ അദ്വൈത് റെജി (30) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്.

വാട്ടർ അതോറിറ്റി ഡിവിഷനിൽപ്പെട്ട പെരുനാട് മാമ്പാറ മുരുപ്പേൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന 220 മീറ്റർ ഇരുമ്പ് പൈപ്പാണ് മോഷ്ടിച്ചത്. 20 വർഷം മുമ്പ് സ്ഥാപിച്ചതും ഇപ്പോൾ ഉപയോഗത്തിലില്ലാത്തതുമായ 40 മില്ലിമീറ്റർ കനമുള്ള പൈപ്പുകൾ കഴിഞ്ഞമാസം 11 നും 20 നുമാണ് ഇയാൾ മോഷ്ടിച്ചു പെട്ടി ഓട്ടോയിൽ കടത്തിയത്. വാട്ടർ അതോറിറ്റിക്ക് 52,623 രൂപയുടെ നഷ്ടമുണ്ടായി. അസിസ്റ്റന്റ് എൻജിനീയർ കൊട്ടാരക്കര കുളക്കട മാവടി പൂവറ്റൂർ പടിഞ്ഞാറ് പ്രീതിഭവനിൽ അനിൽ കുമാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയെ മാമ്പാറയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

മോഷ്ടിച്ചു കടത്തിയ പൈപ്പുകൾ പ്രതി പൂവത്തുമ്മൂടുള്ള ഒരു ആക്രിക്കടയിൽ വിറ്റിരുന്നു. കുറ്റസമ്മതമൊഴിപ്രകാരം പ്രതിയെ അവിടെയെത്തിച്ച് പെട്ടി ഓട്ടോയും പൈപ്പുകളും പോലീസ് അന്വേഷണസംഘം കണ്ടെടുത്തു. മാമ്പാറ മുരുപ്പേൽ ഭാഗത്തുള്ള മൂന്ന് വ്യക്തികളുടെ പുരയിടങ്ങളിൽ സ്ഥാപിച്ചിരുന്നതാണ് ഇരുമ്പ് പൈപ്പുകൾ. പെരുനാട് പോലീസ് ഇൻസ്‌പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. എസ് ഐ വിജയൻ തമ്പി, എ എസ് ഐ അച്ചൻകുഞ്ഞ്, സി പി ഓ പ്രദീപ് എന്നിവരും സംഘത്തിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *