പത്തനംതിട്ട – ഇനിയും ഉദിക്കാനാകാതെ ഒരു സൂര്യന്‍ അസ്തമിച്ചു. കത്തി ജ്വലിച്ചു നിന്ന കാലത്ത് പകര്‍ന്ന ഊര്‍ജവും വെളിച്ചവും ഈ ലോകത്ത് അവശേഷിപ്പിച്ച്, ആ സൂര്യന്‍ മറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ഇടതുപക്ഷത്തിനും മാത്രമല്ല നേരിനും നീതിക്കും വേണ്ടി, മനുഷ്യനും ഭൂമിക്കും വേണ്ടി നിലപാടുകളെടുക്കുന്ന എല്ലാവര്‍ക്കും കനത്ത വേദനയുളവാക്കുന്ന ഒന്നായി അത് മാറി. വി.എസ്. അവസാനമായി പങ്കെടുത്ത പൊതുചടങ്ങ് 2019 ഒകേ്ടാബര്‍ 23 ന് പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര പറവൂരില്‍ നടന്ന പൊതു സമ്മേളനമായിരുന്നു. ആ ചടങ്ങില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഞാനും പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ അവസാന പൊതുയോഗത്തിന്റെ വാക്കുകള്‍, ആ നിലപാടുകള്‍ ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട്.
പത്തനംതിട്ട – ആറന്മുളയിലെ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി, പരിസ്ഥിതി തകിടം മറിച്ചു കൊണ്ട് വിഭാവനം ചെയ്ത വിമാനത്താവള പദ്ധതിയ്‌ക്കെതിരെ നടന്ന സമരത്തിന്, പിന്തുണയുമായി വി.എസ് എത്തിയപ്പോള്‍, ഒരു നാടും ജനതയും ആവേശത്തിന്റെ കൊടുമുടിയിലെത്തി. ആ സമരത്തിന്റെ ഭാഗമായി ഗ്രീന്‍ ട്രിബ്യൂണലില്‍ നടന്ന നിയമപോരാട്ടങ്ങളെപ്പറ്റിയെല്ലാം അദ്ദേഹം അന്വേഷിക്കുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തത് ഞങ്ങള്‍ക്ക് കരുത്തായി. പത്തനംതിട്ട ജില്ലയിലെ ചെമ്പന്‍മുടിയില്‍ അനധികൃത പാറഖനനത്തിനെതിരെ ജനങ്ങള്‍ അണി നിരന്നപ്പോള്‍, സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ആ സമരത്തോടൊപ്പം ഞാനും പാര്‍ട്ടിയും നിലയുറപ്പിച്ചു. റാന്നിയില്‍ നടന്ന സമരത്തിന്റെ ഭാഗമായി 12 ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയില്‍ വാസം അനുഭവിച്ചു. ചെമ്പന്‍മുടിയിലെ സമരത്തെ സൂചിപ്പിച്ച് വി.എസിന് ഞാന്‍ ഒരു കത്ത് നല്‍കി. പ്രായത്തിന്റെ എല്ലാ പരിമിതികളും മറന്ന് വി.എസ് ചെമ്പന്‍മുടിയിലെത്തി.
ചെമ്പന്‍മുടി പ്രദേശം അന്നു കണ്ട ജനസാഗരം ആരുടെയും മനസില്‍ നിന്ന് മാഞ്ഞു പോകില്ല. വി.എസിന്റെ പിന്തുണ ആ സമരത്തിന് നല്‍കിയ ഊര്‍ജവും ഏറെ വലുതായിരുന്നു. സമരത്തെ വിജയിപ്പിക്കുന്നതിന് ആ സാന്നിധ്യം ഏറെ സഹായിച്ചു. വി എസിന്റെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നു. പാര്‍ട്ടി സെക്രട്ടറി സ്ഥാനവും ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വീനര്‍ സ്ഥാനവും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും എല്ലാം അദ്ദേഹത്തിന് പോരാട്ടങ്ങള്‍ക്കുള്ള സ്ഥാനങ്ങള്‍ മാത്രമായിരുന്നു. വി.എസ് എന്ന രണ്ടക്ഷരം ജനകീയ പോരാട്ടങ്ങളുടെ പര്യായമായി മാറിയത് കേരളത്തിന്റെ അനുഭവപാഠമാണ്. പരിസ്ഥിതിയുടെ രാഷ്ര്ടീയത്തെ പൊതു രാഷ്ര്ടീയത്തിന്റെ മുഖ്യ അജണ്ടകളില്‍ ഒന്നാക്കി മാറ്റാനും ഇത് കമ്മ്യൂണിസ്റ്റ് രാഷ്ര്ടീയത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് നിലപാടെടുക്കാനും വി.എസ് മുന്നില്‍ നിന്നപ്പോള്‍ സമാനതകളധികമില്ലാത്ത ഒരു രാഷ്ര്ടീയ നിലപാട് കേരളം അനുഭവിച്ചറിഞ്ഞു.അനീതിയോടും അഴിമതിയോടും സന്ധി ചെയ്യാതെയും
സ്ത്രീപീഡകരോട് വിട്ടുവീഴ്ചയില്ലാതെയും തൊഴിലാളികളടക്കമുള്ള സാധാരണ മനുഷ്യര്‍ക്കു വേണ്ടി അടിയുറച്ച നിലപാടുകള്‍ കൊണ്ട് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി വി.എസ് അച്യുതാനന്ദന്‍ നമ്മളില്‍ നിന്നും മറയുമ്പോള്‍ ദീപ്തമായ ആ ജീവിതത്തിന് മുന്നില്‍ ആദരപൂര്‍വം കൈകള്‍ കൂപ്പുന്നു.
പ്രിയ സഖാവേ..ലാല്‍ സലാം.


