കന്നി സ്വാമിക്ക് നീലിമല കയറ്റം കഠിനമല്ല : അച്യുതാനന്ദൻ സ്വാമിക്കൊരു വഴിപാട് വെടിയുടെ ശബ്ദം കേട്ടപ്പോൾ കൗതുകം

Kerala Pathanamthitta

പത്തനംതിട്ട – എല്ലാ രാഷ്ട്രീയ യാത്രകളിലും വ്യത്യസ്ഥത അടയാളപ്പെടുത്തിയ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ശബരിമല യാത്രയിലും അതാവര്‍ത്തിച്ചു. മുഖ്യമന്ത്രിയായിരിക്കേ 2007 ഡിസംബര്‍ 31 ന് സന്നിധാനം ഗവണ്‍മെന്റാശുപത്രി ഉദ്ഘാടനത്തിന് കന്നി സ്വാമിയായി വി.എസ്. സമ്മിധാനം വരെ നടന്നെത്തി. ആദ്യമായി ശബരിമല ചവിട്ടുന്ന സി.പി.എം മുഖ്യമന്ത്രി കൂടിയായിരുന്നു വി.എസ്. വൈകിട്ട് പമ്പയില്‍ എത്തിയതോടെ വി.എസിന് പോകാനായി അധികൃതര്‍ ഡോളി ക്രമീകരിച്ചിരുന്നു. ഇത് കണ്ട അദ്ദേഹം അതാര്‍ക്കാണെന്ന് ചോദിച്ചു. താന്‍ നടന്നേ മല കയറുന്നുള്ളൂവെന്ന് പറഞ്ഞെങ്കിലും എല്ലാവരും ഒന്ന് സംശയിച്ചു. ഇത്രയും ദൂരം നടക്കാന്‍ അദ്ദേഹത്തിനാകുമോ എന്നായിരുന്നു ഒപ്പം ഉണ്ടായിരുന്നവരുടെ ചിന്ത. അന്ന് 83 വയസുണ്ട് വി.എസിന്.

നിലപാടുകളില്‍ കാര്‍ക്കശ്യവും പിടിവാശിയുമുള്ള അദ്ദേഹം നടന്ന് മല കയറാന്‍ തുടങ്ങി. ദേവസ്വം ഉദ്യോഗസ്ഥരും പോലീസും വി.എസിനെ അനുഗമിച്ചു. ഡോളിയുമായി ഡോളിക്കാരും പിറകെ നടന്നു. അന്നത്തെ ആരോഗ്യമന്ത്രി പി.കെ ശ്രീമതി, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, അന്നത്തെ എം.എല്‍.എമാരായിരുന്ന രാജു എബ്രഹാം, കെ.സി. രാജഗോപാല്‍, സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന അഡ്വ. അനന്തഗോപന്‍ എന്നിവരടക്കം മല ചവുട്ടി.

നീലിമല, അപ്പാച്ചിമേട് കുത്തു കയറ്റങ്ങളിലെങ്ങും വിശ്രമിക്കാതെ മല കയറി കൊണ്ടി രുന്ന വി.എസിനൊപ്പം എത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ദേവസ്വം ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവര്‍ ഏറെ വിയര്‍ത്തു. മല കയറിക്കൊണ്ടിരുന്നപ്പോള്‍ കസേരയുമായി ഉദ്യോഗസ്ഥര്‍ പല വട്ടം എത്തി. എന്നെ ആരും ഇരുത്താന്‍ നോക്കണ്ട എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. ആദ്യമായി മല കയറുകയായിരുന്നെങ്കിലും ആ ക്ഷീണമൊന്നും മുഖത്ത് ഉണ്ടായിരുന്നില്ല. ശബരിപീഠത്തിലേക്ക് വി.എസ്. സംഘം എത്തിയപ്പോള്‍ മൈക്കിലൂടെ, അച്യുതാനന്ദന്‍ സ്വാമിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് വെടിവഴിപാട് ഒന്ന് എന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങി. എന്താണ് സംഗതി എന്ന് വി.എസ്. അന്വേഷിച്ചു. വി.എസിനെ അച്യുതാനന്ദന്‍ സ്വാമി എന്ന് വിശേഷിപ്പിച്ച അനൗണ്‍സ്‌മെന്റ് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു. അനൗണ്‍സ്‌മെന്റിന് പിന്നാലെ വെടിയും മുഴങ്ങി. കൗതുകത്തോടെ വിഎസ് അതാസ്വദിച്ചു. ശബരിപീഠത്തിലും വിശ്രമിക്കാതെ മല കയറി സന്നിധാനത്ത് എത്തി രാത്രിയില്‍ അവിടെ തങ്ങി. അടുത്ത ദിവസം രാവിലെ ആശുപത്രി ഉദ്ഘാടനത്തിന് ശേഷമാണ് മലയിറങ്ങിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *