സിസ്റ്റത്തിന്റെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് എഴുതിയ കത്ത് കലക്ടർക്ക് മാത്രമാണ് കൈമാറിയത് ; വിവരാവകാശ രേഖ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിഞ്ഞ വർഷം എപ്രിൽ ഒന്നു മുതൽ ഈ വർഷം ഏപ്രിൽ 31 വരെ ആശുപത്രി വികസന സമിതിക്ക് ലഭിച്ച വരുമാനം 36,79,30,075 (മുപ്പത്തിയാറ് കോടി എഴൂപത്തിയൊൻപത് ലക്ഷത്തി മുപ്പതിനായിരത്തിൽ എഴുപത്തിയഞ്ച്) രൂപയാണെന്ന് വിവരാവകാശ രേഖ. ഇതിൽ 30,28,18,257 (മുപ്പത് കോടി ഇരുപത്തിയെട്ട് ലക്ഷത്തിൽ പതിനെട്ടായിരത്തി ഇരുനൂറ്റി അൻപത്തിയേഴ്) രൂപ ചെലവഴിച്ചു. 6,51,11,818(ആറുകോടി അമ്പത്തിയൊന്ന് ലക്ഷത്തി പതിനൊന്നായിരത്തി എണ്ണൂറ്റി പതിനെട്ട്) രൂപയാണ് നീക്കിയിരിപ്പ്. ഇത് ആശുപത്രി ആവശ്യങ്ങൾക്കായിട്ടുള്ള വസ്തുക്കൾ വാങ്ങിയ വകയിൽ വിവിധ കമ്പനികൾക്ക് നൽകാനുള്ളതാണ്.

വിവരാവകാശ പ്രവർത്തകർ പത്തനംതിട്ട ആനപ്പാറ തോലിയാനിക്കൽ സി. റഷീദിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ഉപകരണം കേടായത് കാരണം യൂറോളജി വിഭാഗത്തിൽ നാല് ഓപ്പറേഷനുകളാണ് മുടങ്ങിയിട്ടുള്ളത്. യൂറോളജി വിഭാഗത്തിൽ ആശുപത്രി വികസന സമിതി മുഖാന്തരം 30,24,814 രൂപ ചെലവാക്കിയിട്ടുണ്ട്. ചികിൽസയ്ക്ക് ഉപകരണങ്ങൾ വാങ്ങി നൽകിയവരുടെ പേര് വിവരങ്ങൾ ഓഫീസിൽ നിന്ന് ലഭ്യമല്ല. ഡോ. ഹാരിസിന്റെ കത്ത് ലഭിച്ചത് പ്രകാരം ഈ ഓഫീസിൽ നിന്ന് ഉപകരണം വാങ്ങുന്നതിനായി ടെക്‌നിക്കൽ ഓഫീസറുടെ അഭിപ്രായം ആരാഞ്ഞ ശേഷം കമ്പനിക്ക് സപ്ലൈ ഓർഡർ നൽകിയിട്ടുണ്ട്. ശസ്ത്രക്രിയ ഉപകരണം വാങ്ങി നൽകുന്നതിലേക്കായി എച്ച്.ഡി.എസ് ചെയർമാനായ ജില്ലാ കലക്ടർക്ക് ഭരണാനുമതി തേടി കത്ത് നൽകിയിരുന്നു. ഭരണാനുമതി ലഭിച്ചു. ചികിൽസാ ഉപകരണങ്ങളുടെ കുറവു മൂലം ഒരു രോഗിയും മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സിസ്റ്റത്തിന്റെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് എഴുതിയ കത്ത് കലക്ടർക്ക് മാത്രമാണ് കൈമാറിയത്. ആരോഗ്യമന്ത്രി/സെക്രട്ടറി/ഡയറക്ടർക്ക് എന്നിവർക്ക് അയച്ചിട്ടില്ല. എച്ച്.ഡി.എസ്. ചെയർമാൻ എന്ന നിലയിലാണ് കലക്ടർക്ക് കത്ത് കൈമാറിയതെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.

ഉള്ളടക്കം -: വിവരാവകാശ രേഖയുടെ പകർപ്പ്.

Leave a Reply

Your email address will not be published. Required fields are marked *