വീട്ടിൽക്കയറി അമ്മയെ വെട്ടിയതു തടഞ്ഞ ബാലികയ്ക്ക് ഗുരുതര പരുക്കേറ്റ കേസ് : പ്രതിക്ക് ജീവപര്യന്തം ശിക്ഷ

Crime
Print Friendly, PDF & Email

പത്തനംതിട്ട : വെട്ടുകത്തിയുമായി വീട്ടിൽ അതിക്രമിച്ചകയറി യുവതിയെ വെട്ടിയപ്പോൾ തടഞ്ഞ 12 കാരിയായ മകൾക്ക് വെട്ടേറ്റതിനെടുത്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കൂടൽ അതിരുങ്കൽ അഞ്ചുമുക്ക് പറങ്കാതോട്ടത്തിൽ അനിയൻ കുഞ്ഞെന്ന ഗീവർഗീസ് തോമസ് (42) ആണ് ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണൻ ആണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പട്ടിക ജാതിപട്ടികവർഗവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വകുപ്പ് പ്രകാരമാണ് ജീവപര്യന്തം ശിക്ഷിച്ചത്. ഗുരുതരമായി പരിക്കുകൾ ഏൽപ്പിച്ചതിനു 5 വർഷം കഠിന തടവും 50,000 രൂപയും, വീട്ടിൽ അതിക്രമിച്ചുകടന്നതിനു 3 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷാകാലയളവ് ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും. പിഴത്തുക കുട്ടിക്ക് നൽകാനും, ഒടുക്കിയില്ലെങ്കിൽ വസ്തുക്കളിൽ നിന്നും കണ്ടുകെട്ടി നൽകാനുള്ള നടപടി സ്വീകരിക്കാനും വിധിയിൽ പറയുന്നു.

2016 മാർച്ച് 18 രാവിലെ 10.30 നാണ് സംഭവം. സ്ഥലത്ത് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന പ്രതിയെപ്പറ്റി കൂടൽ പോലീസിൽ വിളിച്ചറിയിക്കുമെന്ന് പറഞ്ഞ അയൽവാസി മേടക്കര വീട്ടിൽ പ്രിയാ ദിലീപിനെയാണ് വെട്ടുകത്തിയുമായി ആക്രമിച്ചത്. കൂടാതെ, പ്രിയയും കുടുംബവും വീട് വിറ്റ് പോകാത്തതിലുള്ള മുൻവിരോധവും ആക്രണകാരണമായി. അസഭ്യം വിളിച്ചുകൊണ്ടു പ്രതി, കഠിന ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഇവരുടെ പിടലിക്ക് വെട്ടുകയായിരുന്നു. ഈസമയം വീട്ടിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന 12 കാരിയായ മകൾ കൈകൾ കൊണ്ട് തടഞ്ഞു. കൈകൾക്ക് വെട്ടേറ്റു, ഇടതുകൈപ്പത്തിക്ക് താഴെ റിസ്റ്റിന്റെ ഭാഗത്ത് പ്രധാന ഞരമ്പ് മുറിഞ്ഞു മാറി. അതിന് താഴെയുള്ള അസ്ഥിക്ക് മുറിവും സംഭവിച്ചു. വലതു കൈവെള്ളഭാഗത്ത് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു.

ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ഓപ്പറേഷൻ തിയേറ്ററിൽ ആയതിനാൽ പോലീസിന് മൊഴി എടുക്കാൻ സാധിച്ചില്ല. തുടർന്ന്, അമ്മയുടെ മൊഴി കൂടൽ അഡിഷണൽ എസ് ഐ ആയിരുന്ന വി ടി രാജു രേഖപ്പെടുത്തി പിറ്റേന്ന് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ കുടുംബം പട്ടിക വിഭാഗത്തിൽപ്പെട്ടതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ കൂടിച്ചേർക്കപ്പെട്ട കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ അടൂർ ഡി വൈ എസ് പി റഫീഖ് ആയിരുന്നു. പ്രോസിക്യൂട്ടർമാരായ അഡ്വ . ടി ഹരികൃഷ്ണൻ, അഡ്വ ഹരി ശങ്കർ പ്രസാദ് എന്നിവർ കോടതിയിൽ ഹാജരായായി. എ എസ് ഐ ആൻസി കോടതിനടപടികളിൽ പങ്കാളിയായി.

Leave a Reply

Your email address will not be published. Required fields are marked *