അടൂർ:- ബൈക്കിന് തീപിടിച്ച് യാത്രക്കാരന് പൊള്ളലേറ്റു. കൊടുമൺ അങ്ങാടിക്കൽ തെക്ക് പ്രീതാഭവനത്തിൽ രാജൻ(58)നാണ് അൻപത് ശതമാനത്തോളം പൊള്ളലേറ്റത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം വച്ചാണ് സംഭവം. കൊടുമണ്ണിൽ നിന്നും പറക്കോട് ഭാഗത്തുള്ള വർക്ക്ഷോപ്പിലേക്ക് ബൈക്കിന്റെ അറ്റകുറ്റപണികൾ നടത്തുന്നതിനു വേണ്ടി പോകുകയായിരുന്നു രാജൻ. പെട്ടെന്ന് തീപിടിച്ചതിനാൽ രാജന് ബൈക്കിൽ നിന്നും ഉടൻ ഇറങ്ങാൻ സാധിച്ചില്ല. ഇതാണ് രാജന് പൊള്ളലേക്കാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊള്ളലേറ്റ രാജനെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മണിയമ്മയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തിലാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പരുക്ക് ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


