സാഹിത്യ ലോകത്തെ ചന്ദനപ്പെരുമ : ഡോ. സാമുവേൽ ചന്ദനപ്പള്ളി മൺമറഞ്ഞിട്ട് കാൽ നൂറ്റാണ്ട്

Pathanamthitta Special
Print Friendly, PDF & Email

അടൂർ -: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസ പരിണാമ പശ്ചാത്തലത്തില്‍ മിഷനറി മലയാളത്തിന്റെ സവിശേഷതകള്‍ അടയാളപ്പെടുത്തിയ ഡോ. സാമുവേല്‍ ചന്ദനപ്പള്ളി സാഹിത്യലോകത്തോട് വിട പറഞ്ഞിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. ഗ്രന്ഥകാരന്‍, ചരിത്ര ഗവേഷകന്‍, നിരൂപകന്‍, പ്രഭാഷകന്‍, സാഹിത്യകാരന്‍, അധ്യാപകന്‍ എന്നി നിലകളില്‍ ഒരു തലമുറയുടെ വഴികാട്ടിയായിരുന്നു ഡോ.. സാമുവല്‍ ചന്ദനപ്പള്ളി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് ബിരുദവും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1962 ല്‍ പത്തനംതിട്ട കാതോലിക്കറ്റ് കോളേജില്‍ മലയാള വിഭാഗം അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാമുവേല്‍ ചന്ദനപ്പള്ളി ദീര്‍ഘകാലം റിസേര്‍ച്ച് ഗൈഡ് ആയും റിസേര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചു.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോ.പി.വി. നാരായണപിള്ളയുടെ ശിഷ്യനായിട്ടാണ് ഗവേഷണം നടത്തിയത്. പാറേമ്മാക്കല്‍ തോമാ കത്തനാരുടെ വര്‍ത്തമാന പുസ്തകത്തെ പറ്റിയായിരുന്നു ഗവേഷണം. റവ. ജോര്‍ജ് മാത്തന്റെ കൃതികളും പഠനവും എന്നതിനു കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡി. ലിറ്റ് ലഭിച്ചു. കേരള സര്‍വകലാശാല സംഘടിപ്പിച്ച ഒന്നാം ലോക മലയാള സമ്മേളനത്തിലും ജര്‍മ്മനിയില്‍ നടന്ന നാലാം ലോക മലയാള സമ്മേളനത്തിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മികച്ച ഗവേഷകനുള്ള യു ജി സി അവാര്‍ഡും യു ജി സി യുടെ സീനിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പും മറ്റു നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മിഷനറി മലയാള ഗദ്യ പഠനങ്ങള്‍, ക്രൈസ്തവ സംസ്‌കാര പഠനങ്ങള്‍, മലങ്കര സഭാ പിതാക്കന്മാരുടെ ജീവിതവും ദര്‍ശനവും തുടങ്ങി വിവിധ സാഹിത്യ മേഖലകളിലായി 34 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാള മിഷനറി ഗദ്യ മാതൃകകള്‍, മലങ്കര പിതാക്കന്മാര്‍, ചന്ദനവും പള്ളിയും, പവിത്ര രചനകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ഉരയും തോറും സുഗന്ധം പരത്തുന്ന വസ്തുവാണ് ചന്ദനം. സാഹിത്യലോകത്തും ചന്ദനപ്പള്ളി ഗ്രാമത്തിലും സുഗന്ധം പരത്തിയ മഹാനായിരുന്നു സാമുവേല്‍ ചന്ദനപ്പള്ളി.

Leave a Reply

Your email address will not be published. Required fields are marked *