തിരുവനന്തപുരം – കേരളത്തിൽ റെയിൽവേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ട് രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആവശ്യമായ ഭൂമി ഏറ്റെടുക്കാത്തതിനാൽ സംസ്ഥാനത്തെ മിക്ക റെയിൽവേ പദ്ധതികളും മുന്നോട്ടുപോകുന്നില്ലെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചത് ഗൗരവതരമാണ്. കേരളത്തിലെ റെയിൽവെ പദ്ധതികളുടെ സ്തംഭനാവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണ്.
സംസ്ഥാനത്തെ പ്രധാന റെയിൽവേ വികസനപ്രവർത്തികൾക്കായി ആവശ്യമായ 470 ഹെക്ടർ ഭൂമിയിൽ ഇതുവരെ 64 ഹെക്ടർ ഭൂമി മാത്രമാണ് ലഭ്യമായതെന്ന് കത്തിൽ വ്യക്തമാക്കുന്നു. ആവശ്യമായ ഭൂമിക്കുള്ള 2,100 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകിയിട്ടും ഇതാണ് അവസ്ഥ. സംസ്ഥാനത്താകെ 12,350 കോടി രൂപ ചെലവിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് റെയിൽവേ നടത്തുന്നത്. എക്കാലത്തെയും വലിയ തുകയായ 3,011 കോടി രൂപയാണ് 2024- 25 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന് ബജറ്റിൽ വകയിരുത്തിയിരിക്കുന്നതെന്നും കത്തിലുണ്ട്.
സംസ്ഥാനത്തെ നാല് പ്രധാന പദ്ധതികൾക്ക് ആവശ്യമായതും ഏറ്റെടുത്തതുമായ സ്ഥലത്തിന്റെ വിശദവവിവരങ്ങളും കത്തിനൊപ്പമുണ്ട്. തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പിക്കൽ, എറണാകുളം – കുമ്പളം പാതയിരട്ടിപ്പിക്കൽ, കുമ്പളം – തുറവൂർ പാതയിരട്ടിപ്പിക്കൽ, അങ്കമാലി – ശബരിമല പാത എന്നിവയാണ് കത്തിൽ പരാമർശിക്കുന്ന പദ്ധതികൾ. അങ്കമാലി – ശബരിമല പുതിയ ലൈനിനായി 416 ഹെക്ടർ സ്ഥലം ഏറ്റെടുക്കണം. എന്നാൽ ഇതിൽ 24 ഹെക്ടർ സ്ഥലം മാത്രമാണ് ഏറ്റെടുത്തത്. 392 ഹെക്ടർ കൂടി ഏറ്റെടുക്കണം. ഭൂമിക്കായി 282 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകിയതായും കത്തിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പിക്കലിനായി 40 ഹെക്ടർ ഭൂമി വേണം. ഇതിൽ 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ഏഴ് ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കണം. ആകെ 1312 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. എറണാകുളം – കുമ്പളം പാതയിരട്ടിപ്പിക്കലിനായി നാല് ഹെക്ടർ ഭൂമി ഏറ്റെടുക്കണം, രണ്ട് ഹെക്ടർ ഏറ്റെടുത്തു. 262 കോടി രൂപ ഇതിനായിനൽകി. കുമ്പളം – തുറവൂർ പാതയിരട്ടിപ്പിക്കലിനായി 10 ഹെക്ടർ ഭൂമി വേണം. ഇതിൽ അഞ്ച് ഹെക്ടർ ഭൂമി ഏറ്റെടുത്തു.248 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാരിന്റെ പിന്തുണ അനിവാര്യമാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ആവശ്യമായ നിർദ്ദേശം നൽകണമെന്നും അശ്വിനി വൈഷ്ണവ് ആവശ്യപ്പെടുന്നു. റെയിൽവേയുടെ വികസനം കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകുമെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്ത് റെയിൽവേ വികസനപ്രവർത്തനങ്ങൾക്കായി ആവശ്യമായ ഭൂമി ലഭ്യമാകുന്നില്ലെന്ന് അശ്വിനി വൈഷ്ണവ് തന്നെ നേരത്തെ പല തവണ വ്യക്തമാക്കിയിരുന്നു. വാക്കാൽ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് കേന്ദമന്ത്രിതന്നെ നേരിട്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.
അങ്കമാലി – ശബരിമല പുതിയ ലൈൻ
വേണ്ടത് 416 ഹെക്ടർ സ്ഥലം.
ഏറ്റെടുത്തത് 24 ഹെക്ടർ മാത്രം.
282 കോടി രൂപ റെയിൽവേ നൽകി.
നാഴികയ്ക്ക് നാൽപ്പതുവട്ടം കേന്ദ്ര അവഗണന എന്ന് വിലപിക്കുന്ന സംസ്ഥാന സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


