കോന്നി – വനം ഡിവിഷന്റെ കീഴിൽ നടുവത്ത് റേഞ്ചിൽ കല്ലേലി തോട്ടം, കൊക്കത്തോട് ജനവാസ മേഖലയിൽ വ്യാപകമായി ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ സംഘം ചേർന്ന് വനപാലകരുടെ ദൗത്യം. വലിയ സംഘം വനപാലകരാണ് കാട്ടാനകളെ തിരികെ കാട്ടിലേക്ക് കടത്തി വിടാനുള്ള ദൗത്യം നടത്തിയത്. സൗത്ത് കുമരംപേരൂർ വനാതിർത്തിക്കുളളിലും വയക്കര വനമേഖലയിലുമാണ് ഇന്നലെ വ്യാപകമായ തെരച്ചിൽ നടത്തിയത്. കാട്ടിൽ പകൽ സമയത്ത് നിലയുറപ്പിക്കുന്ന ആനകൾ രാത്രികാലങ്ങളിൽ അച്ചൻകോവിൽ നദി നീന്തി റോഡ് മുറിച്ചു കടന്ന് കൈതച്ചക്ക തോട്ടത്തിലേക്ക് കൂട്ടത്തോടെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിരന്തരം വരുന്ന ആനകളെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് ഉൾക്കാട്ടിലേക്ക് കടത്തി വിടുന്ന വളരെ ശ്രമകരമായ ദൗത്യമാണ് നടത്തിയത്. ഇതിന്റെ ഭാഗമായി ആനയെ വനത്തിനുള്ളിൽ നദിക്ക് സമീപമായി കാണുകയും ഉൾക്കാട്ടിലേക്ക് കടത്തി വിടുകയും ചെയ്തു. ഇതിനിടയിൽ കാട്ടാന വനപാലകരെ ആക്രമിക്കുവാനും ശ്രമിച്ചു.

എട്ടോളം വനപാലകർക്ക് നിസാര പരുക്കുണ്ട്. ഇതോടൊപ്പം ജനവാസ മേഖലയിൽ വൈകിട്ട് നാലു മണി മുതൽ രാവിലെ ഒമ്പതു വരെ നിരീക്ഷണ പട്രോളിങ്ങും നടത്തും. ഈ മേഖലയിലൂടെ കടന്നു പോകുന്ന ജനങ്ങൾക്ക് സുരക്ഷ ഒരുക്കി ഈ പാത കടത്തിവിടുവാൻ വനപാലകരുടെ പ്രത്യേക സംഘവുംപ്രവർത്തിക്കുന്നുണ്ട്. ഏതാനുംദിവസങ്ങൾക്കു മുൻപ് കുളത്തുമൺ പ്രദേശത്ത് ഇതു പോലുള്ള ദൗത്യം നടത്തി ആനയെ ഉൾക്കാട്ടിലേക്ക് കടത്തി വിട്ടിരുന്നു. കോന്നി ആർ.ആർ.ടി, സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് സേ്റ്റഷൻ, പാടം സേ്റ്റഷൻ, കൊക്കത്തോട് ഫോറസ്റ്റ് സേ്റ്റഷൻ, കരിപ്പാൻതോട് ഫോറസ്റ്റ് സേ്റ്റഷൻ എന്നിവിടങ്ങളിലെ 64 ജീവനക്കാർ ഈ ദൗത്യത്തിൽ പങ്കെടുത്തു. ഡി.എഫ്.ഓ ആയുഷ്‌കുമാർ കോറി നേതൃത്വം നൽകി.


