കോന്നി: അമിതരക്തസ്രാവത്തെ തുടർന്ന് അവശനിലയിലായ യുവതിയെ ദുർഘടമായ വഴിയിലൂടെ ചുമന്ന് ഔദ്യോഗിക വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ച് തണ്ണിത്തോട് പോലീസ്. തണ്ണിത്തോട് മൂഴി പുളിഞ്ഞാണിൽ വീട്ടിൽ ബേബിയുടെ ഭാര്യ അമ്പിളിയെയാണ് പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തു. ഞായർ പുലർച്ചെ രണ്ടോടെയാണ് തണ്ണിത്തോട് പോലീസ് സ്‌റ്റേഷനിലേക്ക് ബേബി നിലവിളിച്ചു കൊണ്ട് സഹായം തേടി എത്തിയത്. ഭാര്യ അമ്പിളി രക്തത്തിൽ കുളിച്ച് അവശയായി കിടക്കുകയാണെന്ന് ഒറ്റശ്വാസത്തിൽ പറഞ്ഞതു കേട്ടപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ജീവൻ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
എസ്.എച്ച്.ഓ വി.കെ. വിജയരാഘവന്റെ നിർദേശപ്രകാരം രാത്രികാല പട്രോളിങിലായിരുന്ന വാഹനം സേ്റ്റഷനിലേക്ക് വിളിച്ചു വരുത്തി. എ.എസ്.ഐ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേക്ക് പാഞ്ഞു. തണ്ണിത്തോട്ടിലുള്ള ആംബുലൻസ് വിളിച്ചെങ്കിലും ഓട്ടം പോയിരിക്കുകയായിരുന്നു. സി.പി.ഓ അരുൺ സുരേന്ദ്രൻ പോലീസ് വാഹനം ഓടിച്ച് വീടിനടുത്ത് റോഡിൽ എത്തിച്ചു. സേ്റ്റഷന്റെ പിന്നിലെ ചെറിയ വഴിയിലൂടെ നടന്ന് പോലീസ് സംഘം ബേബിയുടെ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഒട്ടും സമയം പാഴാക്കാതെ പായയിൽ കിടത്തി ചുമന്നു റോഡിലെത്തിച്ചു. വീട്ടിൽ നിന്നും റോഡ് വരെയുള്ള അര കിലോമീറ്ററോളം ദൂരം ഏറെ ദുർഘടം പിടിച്ചതായിരുന്നു. കൂരിരുട്ടിൽ മൊബൈൽ ഫോണിന്റെയും മറ്റും വെളിച്ചത്തിൽ ഒട്ടും സുഗമമല്ലാത്തതും കാട്ടുകല്ലുകൾ നിറഞ്ഞതുമായ വഴിയിലൂടെ യുവതിയെ ചുമന്നു റോഡിൽ എത്തിച്ചു പോലീസ് ജീപ്പിൽ കയറ്റി. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ഇവിടെ നിന്ന് പത്തനംതിട്ട ജനനറൽ ആശുപത്രിയിലേക്കും സ്ഥിതി മോശമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അപകട നില തരണം ചെയ്ത യുവതിയെ ഉച്ചയോടെ വാർഡിലേക്ക് മാറ്റി. പോലീസ് സംഘത്തിൽ എ.എസ്.ഐക്കൊപ്പം എസ്.സി.പി.ഓ സുരേഷ്, സി.പി.ഓമാരായ അജിത്, അരുൺ ബാബു, അരുൺ സുരേന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.


