പത്തനംതിട്ട – കൊന്നിക്കടുത്ത് പൂങ്കാവിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു പെൺകുട്ടികളെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. പൂങ്കാവ് കാഞ്ഞിരപ്പാറ പുത്തൻവീട്ടിൽ ഉമേഷ്ഭവനത്തിൽ ദിലീപിന്റെ മകൾ അഞ്ജലി (21), സുഹൃത്തായ പതിനഞ്ചുകാരി എന്നിവരെയാണ് അഗ്നിരക്ഷാസേന രക്ഷിച്ചത്. പൂങ്കാവ് മറൂർ പാലത്തിന് സമീപം വളളിപ്പടർപ്പിൽ പിടിച്ചു കിടക്കുന്ന നിലയിൽ വഴിയാത്രക്കാരനായ ഋഷികേശ് ആണ് ഇവരെ കണ്ടത്. നിലവിളി കേട്ടാണ് ഋഷികേശ് ചെന്നു നോക്കിയത്. അദ്ദേഹം പെട്ടെന്ന് ഫയർ സ്‌റ്റേഷനിൽ വിവരം അറിയിച്ചു. രാത്രി 7.20 നാണ് അഗ്നിരക്ഷാനിലയത്തിൽ വിവരം ലഭിച്ചത്. ഒരാൾ വള്ളിപ്പടർപ്പിലാണ് പിടിച്ചു കിടന്നത്. രണ്ടാമത്തെയാൾ ആദ്യത്തെയാളുടെ കാലിലും പിടിച്ചു കിടക്കുകയായിരുന്നു. പത്തനംതിട്ട യൂണിറ്റിൽ നിന്നും അഗ്നിരക്ഷാസേനയെത്തി ഇരുവരെയും രക്ഷിച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാൽവഴുതി വീണതാണെന്നും എടുത്തു ചാടിയതാണെന്നും പറയുന്നു. ഇവരുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക വിവരം.
വളരെ ആഴമേറിയതും ഒഴുക്കുള്ളതുമായ ഭാഗത്താണ് ഇവർ കിടന്നിരുന്നത്. ഋഷികേശ് അതുവഴി വന്നത് ഭാഗ്യമായി. !! പാലത്തിന്റെ താഴെയായിട്ടാണ് ഇവരെ കണ്ടത്. അഗ്നിരക്ഷാസേന രണ്ടു മിനുട്ടു കൊണ്ട് ഇവരെ രക്ഷിച്ച് കരയിൽ എത്തിച്ചു. സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ ആർ. പ്രേമചന്ദ്രൻ നായർ, റസ്‌ക്യൂ ഓഫീസർ ടി. നൗഷാദ് എന്നിവർ നിലയില്ലാത്ത വെള്ളത്തിൽ ചാടി സാഹസികമായി ഇവരെ രക്ഷിക്കുകയായിരുന്നു. അസി. സ്‌റ്റേഷൻ ഓഫീസർ എ. സാബു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എസ്. മനോജ്, കെ.പി.ജിഷ്ണു, ടി. അജു എന്നിവർ നേതൃത്വം നൽകി.


