കുമ്പനാട്: തെരുവുനായ ശല്യം രൂക്ഷമായതോടെ കോയിപ്രം, ഇരവിപേരൂർ, തോട്ടപുഴശ്ശേരി, പുറമറ്റം പഞ്ചായത്തിലെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. ഏതു സഭയവും ആളുകൾക്ക് നേരെ തെരുവുനായകളുടെ ആക്രമണം ഉണ്ടാവുന്ന സ്ഥതിയാണ് നാട്ടിലെങ്ങുമുള്ളത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കോയിപ്രം പഞ്ചായത്തിൽ മാത്രം രണ്ട് പേരാണ് പേവിഷബാധയെ തുടർന്ന് മരിച്ചത്. അതിലൊരു സ്കൂൾ കുട്ടി ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി ആളുകളെ തെരുവുനായകൾ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ചില ആളുകൾ ആശുപത്രിയിൽ എത്തി ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ വാക്സിന് സർക്കാർ ആശുപത്രിയിൽ ക്ഷാമം ഉള്ളതായും ആക്ഷേപമുണ്ട്.
കോയിപ്രം പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവുനായകൾ കാരണം ജനം വലിയ ഭീതിയിലാണ്. ഇവയുടെ ആക്രമണം ഏതു നിമിഷവും ഉണ്ടാകാവുന്ന തരത്തിലാണ് കൂട്ടം ചേർന്നുള്ള സഞ്ചാരം. പ്രദേശത്തെ പല സ്‌കൂളുകളും തെരുവ്‌നായകൾ കയ്യടക്കിയ സ്ഥിതിയുണ്ട്. പഞ്ചായത്തിൽ പല പ്രധാന സ്ഥലങ്ങളിലും പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ബസ്സ് സ്റ്റോപ്പുകൾ, പഞ്ചായത്ത്, വില്ലേജ്, ബ്ലോക്ക് ഓഫിസുകൾ, മറ്റ് ഓഫിസുകൾ, സർക്കാർ ആശുപത്രികൾ, അങ്കണവാടികൾ, സ്കൂളുകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, തുടങ്ങി ഒട്ടുമിക്ക സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ജനവാസ മേഖലകളിലും ഇവയുടെ ശല്യം നിയന്ത്രണാതീതമായി വർധിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസം കുമ്പനാട്ടേ പ്രധാനപ്പെട്ട ഒരു സ്കൂൾ അധികൃതർ സ്കൂളിലേക്കുള്ള വഴിയിലും സ്കൂൾ അങ്കണത്തിലും തെരുവുനായ്ക്കൾ കൂട്ടമായി എത്തിയതിനെ തുടർന്ന് കുട്ടികൾക്കും അദ്ധ്യാപകർക്കും രാവിലെ സ്കൂളിൽ വരുന്നതിന് നാട്ടുകാരുടെ സഹായം തേടേണ്ടി വന്നിരുന്നു. തുടർന്ന് കോയിപ്രം പഞ്ചായത്ത് സെക്രട്ടറിക്ക് സ്കൂൾ അധികൃതർ തെരിവ് നായ്ക്കളെ പിടിച്ചു കൊണ്ട് പോകുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കിയിരുന്നു. എന്നാൽ തെരിവു നായ്ക്കളെ പടിച്ച് കൊണ്ടു പോകുന്നതിനും കൊല്ലുന്നതിനും നിലവിൽ സർക്കാരിൽ നിന്നും യാതൊരുവിധ ഉത്തരവുകളും തങ്ങൾക്ക് ഇല്ലെന്നും വേണമെങ്കിൽ നാട്ടുകാരുടെ സഹായത്തോടെ തെരുവുനായ്ക്കളെ ഓടിച്ചോളാനെന്ന വിചിത്ര മറുപടിയാണ് പഞ്ചായത്ത് സെക്രട്ടറി നൽകിയത്. തുടർന്ന് സ്കൂൾ അധികൃതർ പൊതുപ്രവർത്തകനായ സുബിൻ നീറുംപ്ലാക്കലിന്റെ സഹായത്തോടെ കോയിപ്രം പോലീസിനെ സമീപിക്കുകയായിരുന്നു.
പല സഹായങ്ങൾക്കും ആവശ്യങ്ങൾക്കും പൊതുജനങ്ങൾ പോലീസിനെ സമീപിക്കാറുണ്ടെങ്കിലും ആദ്യമായാണ് തെരുവുനായക്കളുടെ ശല്യത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് കോയിപ്രം എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി വേണ്ട സഹായം നല്കുകയായിരുന്നു. പല പ്രധാന സ്ഥലങ്ങളിലും റോഡിൽ കൂട്ടമായി നിൽക്കുന്ന തെരുവു നായകളുടെ ആക്രമണത്തിൽ നിന്നും ബസ് കാത്ത് നിൽക്കുന്നവരും സ്കൂൾ കൂട്ടികളും കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ജീവന് ഭീഷണി ആകുന്ന വിധത്തിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് തെരുവുനായ്ക്കൾ വിഹരിക്കുന്നത്. പഞ്ചായത്തുകളിലെ വെറ്ററിനറി ഉദ്യോഗസ്ഥർക്ക് പഞ്ചായത്തിലെ വളർത്തു മൃഗങ്ങളുടെയോ തെരുവു നായ്ക്കളുടെയോ യാതൊരു കണക്കുകളും ഇല്ലെന്നുള്ള ആക്ഷേപമുണ്ട്.
*അടിയന്തരമായി ഇടപെടണം
കോയിപ്രം പഞ്ചായത്തിൽ അടുത്ത സമയത്ത് രണ്ട് ആളുകൾ പേവിഷബാധയെ തുടർന്ന് മരിച്ച സംഭവം സംസ്ഥാന സർക്കാർ ഗൗരവമായി എടുക്കുമെന്നും പൊതുജനങ്ങൾക്കും സ്കൂൾ കുട്ടികൾക്കും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിന് തെരുവുനായ്ക്കളെ പിടിച്ച് കൊണ്ടു പോകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ സുബിൻ നീറുംപ്ലാക്കൽ മുഖ്യമന്ത്രിക്കും, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും, സ്ഥലം എംഎൽഎയായ ആരോഗ്യ മന്ത്രിക്കും, ജില്ലാ കളക്ടർക്കും നിവേദനം നൽകി.


