ഇലവുംതിട്ട – കളരിവീടെന്ന് പേരുകേട്ട മൂലൂർ ഭവനമായ കേരളവർമ സൗധത്തിൽ ഇപ്പോൾ നടക്കുന്ന യോഗ പരിശീലനം ശ്രദ്ധേയമാകുന്നു. സരസകവിയുടെ കാലത്ത് കഥകളി എന്ന കലാരൂപം ചിലർക്ക് മാത്രമുള്ളതല്ല എന്ന് തെളിയിക്കാനായി അദ്ദേഹം തന്റെ വീട്ടിൽ അക്കാലത്തെ പ്രഗത്ഭരായ ഗുരുക്കന്മാരെ വിളിച്ചുവരുത്തി താല്പര്യമുള്ള എല്ലാവരെയും കഥകളി അഭ്യസിപ്പിക്കുകയും, അതിനായി വ്യായാമവും, കളരിമുറകളുമൊക്കെ അഭ്യസിപ്പിക്കുകയും ചെയ്തിരുന്നതിനെ തുടർന്നാണ് നാട്ടുകാർ ആ വീടിനെ കളരിവീടെന്ന് വിളിച്ചിരുന്നത്. ആ കളരിവീടിന്റെ മുറ്റത്താണ് മെഴുവേലി ഹെൽത്ത് സെന്ററും ഗവ. ആയുർവേദ ആശുപത്രിയും ചേർന്ന് യോഗപരിശീലന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. രണ്ട് മാസമായി 18-ഓളം പേർ യോഗ പരിശീലിച്ചു വരുന്നു. മൂലൂർ മഞ്ജു സദനത്തിൽ ജെ. മനുവിന്റെ ഭാര്യ കലാകാരി കൂടിയായ സൂര്യഗായത്രിയാണ് പരിശീലക.

വിവിധ പഞ്ചായത്തുകളിലെ പരിശീലകയായ ഡോ. അധിപയും മേൽനോട്ടത്തിനായി ഇവിടെയുണ്ട്. കുളനട മെഡിക്കൽ ട്രസ്റ്റിൽനിന്ന് യോഗയിൽ പരീശീലനം നേടിയ ശേഷമാണ് സൂര്യഗായത്രി പരിശീലകയായത്. ഹൃദയാരോഗ്യം, മാനസിക സമ്മർദ്ദം ജീവിതശൈലീരോഗങ്ങൾ എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ഇവിടെ ഇങ്ങനെ ഒരു യോഗ പരിശീലനപദ്ധതി ആവിഷ്കരിച്ചത്.
മൂലൂർ സ്മാരകം കേന്ദ്രീകരിച്ചുള്ള ഈ യോഗ ക്ലാസ് ഏറെ ഫലപ്രദമാണെന്ന് സൂര്യ പറഞ്ഞു. യോഗ പരിശീലനത്തിന് പുറമേ ടെലിഫിലിം, ആൽബം, ഡോക്യുമെൻററി മേഖലകളിൽ സംവിധായികയായും സൂര്യഗായത്രി പ്രവർത്തിക്കുന്നു. നാഷണൽ ഫിലിം അക്കാദമി, നെഹ്റു യുവകേന്ദ്രയും സംയുക്തമായി ഏർപ്പെടുത്തിയ 2023-ലെ ബെസ്റ്റ് എക്സലൻസ് അവാർഡ് സൂര്യഗായത്രി നേടിയിട്ടുണ്ട്.


മൂലൂർ പ്രസന്നഭവനത്തിൽ ബോബി തന്റെ ശരീരവേദന, തോളിലെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നീർക്കെട്ടും ഇവിടത്തെ യോഗ പരിശീലനത്തിലൂടെ മാറിയതായും എല്ലാ ദിവസവും മുടങ്ങാതെ പരിശീലനത്തിലേർപ്പെടുകയാണെന്നും പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിൽ മൂലൂരിനെയും മൂലൂർ ഭവനത്തിൽ സൂക്ഷിച്ചിട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ പാദുകങ്ങളിൽ വണങ്ങിയുള്ള പരിശീലനമാണ് സംഘടിപ്പിച്ചിട്ടുള്ളത്.
What do you feel about this post?
Like
Love
Happy
Haha
Sad

