പത്തനംതിട്ട – ശുദ്ധമായ നാട്ടുവിഭവങ്ങൾ ന്യായവിലയ്ക്ക് വിറ്റഴിക്കാൻ അവസരമൊരുക്കി ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. നെല്ലാട് ഗ്രാമചന്ത കൃഷികൂട്ടം ഒരുക്കുന്ന നാട്ടുവിപണിയിൽ പച്ചക്കറികളും പഴങ്ങളുമടക്കമുള്ള ഉൽപ്പന്നങ്ങളുമായി നിരവധി കർഷകരാണ് എത്തുന്നത്. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന നാട്ടുവിപണി എല്ലാ വ്യാഴാഴ്ചയും പ്രവർത്തിക്കും.
പേരയ്ക്ക, കിളിച്ചുണ്ടൻ മാമ്പഴം, ഡ്രാഗൺ ഫ്രൂട്ട്, അവകാഡോ, നാടൻ ചക്ക തുടങ്ങിയ ഫലങ്ങളും തേങ്ങ, തൈര്, വാഴക്കൂമ്പ്, പാൽ, പച്ചക്കറി, മുട്ട ഉൽപന്നങ്ങളും വിപണിയിൽ ലഭിക്കും.
മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ വനിതകൾക്ക് ചെറുകിട സംരംഭകരായി വളരാനുള്ള അവസരവും ഒരുക്കുന്നു. തനതുകൃഷി പ്രചരിപ്പിക്കുക, ന്യായവില കർഷകന് ലഭ്യമാക്കുക, ഗുണമേന്മയുള്ള സാധനങ്ങൾ വിൽക്കുവാനും വാങ്ങുവാനും കഴിയുന്ന സാഹചര്യം ഉറപ്പാക്കുക എന്നിവയാണ് നാട്ടുവിപണിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള പറഞ്ഞു.

ചിത്രം: ഇരവിപേരൂർ
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ നാട്ടു വിപണി


