പത്തനംതിട്ട – കുരുന്നുകളുടെ പ്രിയ ഇടമാക്കാൻ സ്‌കൂൾ ചുമരുകളിൽ വർണ വിസ്മയം തീർക്കുകയാണ് പ്രമാടം ഗ്രാമപഞ്ചായത്ത്. അക്ഷരങ്ങൾക്കും അക്കങ്ങൾക്കുമൊപ്പം ഓരോ ക്ലാസ് മുറിയേയും മനോഹരമാക്കി കുട്ടികളുടെ ഇഷ്ട മൃഗങ്ങളും ഫലങ്ങളും ചുമരുകളിൽ ഇടം പിടിച്ചിട്ടുണ്ട്.
പഞ്ചായത്ത് പരിധിയിലെ അഞ്ചു സ്‌കൂളുകളിലാണ് അറിഞ്ഞും രസിച്ചും പഠിക്കാൻ ശിശു സൗഹൃദ കോർണർ ഒരുക്കുന്നത്. പ്രമാടം ജിഎൽപിഎസ്, മല്ലശ്ശേരി ജിഎൽപിഎസ്, തെങ്ങുംകാവ് ജിഎൽപിഎസ്, വി കോട്ടയം ജിഎൽപിഎസ്, ളാക്കൂർ ജിഎൽപിഎസ് എന്നീ സ്‌കൂളുകളിലാണ് ശിശു സൗഹൃദ കോർണർ തയ്യാറാകുന്നത്. ഓരോ സ്‌കൂളിനും 50,000 രൂപയാണ് പദ്ധതി ചെലവ്. പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രമാടം സർക്കാർ എൽപി സ്‌കൂളിൽ ശിശു സൗഹൃദ കോർണർ പഞ്ചായത്ത് പ്രസിഡന്റ് എൻ നവനിത്ത് ഉദ്ഘാടനം ചെയ്തിരുന്നു. ചിത്രകാരൻ ഉന്മേഷ് പൂങ്കാവാണ് ചുവരുകൾ മനോഹരമാക്കിയത്.
കുട്ടികൾക്ക് കലാപഠനവും പ്രഭാത ഭക്ഷണം ഒരുക്കി പഞ്ചായത്ത് മുമ്പും ശ്രദ്ധ നേടിയിരുന്നു. ശാസ്ത്രത്തെ അടുത്ത് അറിയാൻ സയൻസ് കോർണറുമുണ്ട്. കായിക ഉപകരണങ്ങളും നൽകിയിരുന്നു. ക്രിയേറ്റീവ് കോർണർ, ചികിത്സാ മുറി പദ്ധതികളും ആരംഭിക്കുമെന്ന് നവനിത്ത് പറഞ്ഞു.

ചിത്രം: കോർണർ
ശിശു സൗഹൃദ കോർണറുമായി പ്രമാടം ഗ്രാമപഞ്ചായത്ത്


