പത്തനംതിട്ട – ജില്ലയിൽ മേയ് 26 മുതൽ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനസജ്ജമെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ. മേയ് 26 ന് ജില്ലയിൽ ചുവപ്പ് അറിയിപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട സാഹചര്യം ചർച്ച ചെയ്യുന്നതിന് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് നിർദേശം. റവന്യൂ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും യോഗം ചേർന്നിരുന്നു. ജില്ലയിൽ 230 ക്യാമ്പുകളുണ്ട്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ സൗകര്യം ഉറപ്പാക്കും. തഹസിൽദാർമാർക്കാണ് മേൽനോട്ടം. ക്യാമ്പിൽ എത്ര പേർക്ക് താമസിക്കാൻ കഴിയുമെന്ന പട്ടിക തയ്യാറാക്കും. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യത് പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. ക്യാമ്പുകളിൽ എലിപ്പനി പോലുള്ള പകർച്ചവ്യാധികൾ തടയാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും.
ജില്ലയിൽ മണ്ണിടിച്ചിലിന് സാധ്യതയുളള 60 പ്രദേശങ്ങളുണ്ട്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കാൻ പ്രത്യേകപദ്ധതി തയ്യാറാക്കും. ഈ പ്രദേശത്തെ താമസക്കാരുടെ ഫോൺ നമ്പർ തദ്ദേശസ്ഥാപനം വഴി ശേഖരിക്കും.
വെള്ളം ഉയരുമ്പോൾ ഒറ്റപ്പെടുന്ന അരയാഞ്ഞിലിമൺ, കുറുമ്പൻമൂഴി തുടങ്ങിയ പട്ടികവർഗ മേഖലയിൽ ഭക്ഷണസാധനം ഉറപ്പാക്കും ഗർഭിണികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റാൻ നിർദേശം നൽകി.
താലൂക്ക് അടിയന്തര കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. ദുരന്തനിവാരണ ഉപകരണങ്ങൾ തദേശ സ്ഥാപനങ്ങളിൽ ഉറപ്പാക്കും. ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട അറിയിപ്പ് പൊതുജനങ്ങൾ കൃത്യമായി ശ്രദ്ധിക്കണം
പ്രവേശനോത്സവത്തിന് മുൻപ് സ്‌കൂളിന്റെ ഫിറ്റ്നെസ് പരിശോധിച്ച് ഉറപ്പാക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. തിരുവല്ല സബ്കലക്ടർ, അടൂർ ആർഡിഒ എന്നിവർ ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം കൃത്യമായി പാലിക്കണമെന്നും ജില്ലാ കലക്ടർ ഓർമിപ്പിച്ചു.
തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, അടൂർ ആർഡിഒ എം ബിപിൻ കുമാർ, തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എ. എസ്. നൈസാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


