കാലാവസ്ഥ വ്യതിയാനവും പത്തനംതിട്ടയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങളും ശില്പശാല

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പ്രകൃതിയെക്കൂടി ഉള്‍ക്കൊണ്ടുള്ള സന്തുലിത വികസനമാണ് ആവശ്യമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ.വര്‍ഗീസ് ജോര്‍ജ്. പത്തനംതിട്ട പ്രസ്‌ക്ലബില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി കാലാവസ്ഥ വ്യതിയാനവും പത്തനംതിട്ടയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്തമായ ഭൂപ്രകൃതി ഉള്‍ക്കൊള്ളുന്ന പത്തനംതിട്ട ജില്ലയില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തെ ജാഗ്രതയോടെ മാത്രമേ നോക്കി കാണാനാകുള്ളൂവെന്നും ഡോ.വര്‍ഗീസ് ജോര്‍ജ് അഭിപ്രായപ്പെട്ടു.
പത്തനംതിട്ടയുടെ സാംസ്‌കാരിക, ആധ്യാത്മിക പിന്‍ബലം പ്രകൃതി സംരക്ഷണത്തിന് ഏറെ മാതൃകാപരമെന്ന് വിഷയം അവതരിപ്പിച്ച ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം ഹൈഡ്രോളജി വിഭാഗം മുന്‍ മേധാവി ഡോ.ഡി. പത്മലാല്‍ അഭിപ്രായപ്പെട്ടു. മലനിരകളും മണല്‍പ്പരപ്പും അതേപോലെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു ജനവിഭാഗം പത്തനംതിട്ടയ്ക്കുണ്ട്. നദികള്‍ക്കുള്ളിലെ ജലസംരക്ഷണികളാണ് മണലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പല നദികളിലേക്കും മണല്‍ നിക്ഷേപം നടത്തേണ്ട സാഹചര്യമാണ് നിലവിലുളളത്. ഓരോ നദിയിലും മണല്‍ശേഖരം സംബന്ധിച്ചു വ്യത്യസ്തമായ സാഹചര്യമാണ്. വേനല്‍ക്കാലത്ത് നദീതീരത്തെ ഉണങ്ങിയ മണല്‍ നീക്കം ചെയ്യാം. പക്ഷേ ജലാംശം കണ്ടുകഴിഞ്ഞാല്‍ മണല്‍ഖനനം നിര്‍ത്തണം. പത്മലാല്‍ അഭിപ്രായപ്പെട്ടു.
അന്തരീക്ഷ താപനിലയില്‍ അതിവേഗം വര്‍ധന ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥലമാണ് പത്തനംതിട്ടയെന്നും എന്നാല്‍ ഇത് കൃത്യമായി രേഖപ്പെടുത്താന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്നും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദ്‌നി പി.സി. ചന്ദ്രസേനന്‍. തെക്കു പടിഞ്ഞാറന്‍, തെക്ക് കിഴക്കന്‍ മഴയുടെ രൂക്ഷത ഒരേപോലെ നേരിടുന്ന പ്രദേശമാണ് പത്തനംതിട്ടയെന്നും ചാന്ദ്‌നി ചൂണ്ടിക്കാട്ടി.
മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ വര്‍ഗീസ് സി. തോമസ് മോഡറേറ്ററായിരുന്നു. ഡോ. ജോസ് പാറക്കടവില്‍, ഡോ.കെ.പി. കൃഷ്ണന്‍കുട്ടി, സജിത് പരമേശ്വരന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി. വിശാഖന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *