ശബരിമല – മണ്ഡല- മകരവിളക്ക് കാലത്തും അല്ലാത്തപ്പോഴും സന്നിധാനത്ത് പിറവിയെടുക്കുന്ന അവതാരങ്ങൾക്ക് പിന്നിൽ ദേവസ്വം ബോർഡ് അധികൃതർ തന്നെ. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുമുള്ള വ്യവസായികളിൽ നിന്ന് കോടികൾ ഇവിടേക്ക് ഒഴുക്കുവാൻ കെൽപ്പുള്ളവരാണ് ഓരോ കാലത്തും അവതാരമെടുത്ത് സന്നിധാനത്ത് എത്തുന്നുത്. പല ഘട്ടങ്ങളിലും ശബരിമലയിലെ കോ-ഓർഡിനേറ്റർ പദവി വരെ നൽകി സ്‌പോൺസർമാരുടെ ഇടനിലക്കാരായി വരുന്നവരുടെ ആഗ്രഹ പൂർത്തീകരണം നടത്തിയിട്ടുണ്ട്.
പണം മുടക്കാൻ ശേഷിയുള്ള പത്തു പേരുണ്ടെന്ന് പറഞ്ഞ് ആരെത്തിയാലും അവർക്ക് മുന്തിയ പരിഗണന കിട്ടുമെന്നതാണ് സ്ഥിതി. ഇതു മുതലാക്കി എത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. ദർശനത്തിനായി എത്തുന്ന സാധാരണ ഭക്തർക്ക് ലഭിക്കേണ്ട മുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർക്കായി മാറ്റി വയ്ക്കും. ദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പന്മാരുടെ ദർശന നീക്കം തടഞ്ഞുകൊണ്ട് പണക്കാർക്കായുള്ള പൂജകൾ നടക്കുന്നത് സ്ഥിരം സംഭവമാണ്. മണിക്കൂറുകളാണ് ആ സമയത്ത് അയ്യപ്പന്മാർക്കും, മാളികപ്പുറങ്ങൾക്കും ഫളൈഓവറിലെ നരക ജീവിതം അനുഭവിക്കേണ്ടി വരുന്നത്.
മകര വിളക്ക് ദിവസം തിരുമുറ്റത്ത് നിന്ന് ജ്യോതി ദർശനത്തിന് സ്‌പെഷ്യൽ പാസ് കൊടുക്കും. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് സ്‌പോൺസർമാരുണ്ടെന്ന് പറഞ്ഞ് എത്തുന്ന ഇവർ ഈ പേരിൽ മകരവിളക്കിന് മുറികളും മറ്റ് സൗകര്യങ്ങളും വാങ്ങി അനുഭവിച്ച ശേഷം മടങ്ങിയാൽ പിന്നെ അടുത്ത മകര വിളക്ക് കാലത്ത് പുതിയ വാഗ്ദാനങ്ങളുമായി എത്തുന്നതാണ് പതിവ്. നേരത്തെ മാസ്റ്റർ പ്ലാൻ പദ്ധതിക്ക് സഹായം നല്കാൻ ആൾക്കാരെ തരപ്പെടുത്താമെന്ന് പറഞ്ഞ് ഇതര സംസ്ഥാനത്ത് നിന്ന് ചില ഇടനിലക്കാർ ഇവിടെ അവതരിച്ചിരുന്നു. സ്‌പോൺസർമാരെ കണ്ടെത്താൻ ശേഷിയുള്ള തട്ടിപ്പുകാരെ കോ-ഓർഡിനേറ്റർമാരായി പല കാലത്തും നിയമിച്ചിട്ടുമുണ്ട്.
അങ്ങനെ എത്തുന്ന കോ- ഓർഡിനേറ്റർമാർ ശബരിമലയിൽ യഥാർത്ഥ അധികാരികളായി വളരും. രണ്ട് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ഈ മാതൃകയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിജയം. ഇപ്പോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ തമിഴ്‌നാട് സ്വദേശിയും എറണാകുളം സ്വദേശിയും സന്നിധാനത്ത് റാകി പറക്കുന്നുണ്ട്. മകരവിളക്കിന് ദിവസങ്ങൾക്ക് മുൻപ് സന്നിധാനത്ത് എത്തുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് എല്ലാ സൗകര്യവും ദേവസ്വം അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നു.
ദേവസ്വം അന്നദാനമണ്ഡപത്തിൽ പോറ്റിയുടെ ഇടനിലയിൽ ഒരു ദിവസം സദ്യ നടക്കുന്നുണ്ടായിരുന്നു എന്ന വിവരവും പുറത്ത് വരുന്നു. ആന്ധ്രാക്കാരനായ ഒരാളായിരുന്നു ഇത്തരത്തിൽ കോ-ഓർഡിനേറ്ററായ അവസാന ആൾ. ഇയാൾ സന്നിധാനത്തെ പ്രധാന കാര്യക്കാരനായി മാറി. പിന്നീട് ഒരു സുപ്രഭാതത്തിൽ ഇയാൾ മലയിറങ്ങി. പ്രമുഖ വ്യവസായ ഗ്രൂപ്പിൽ പി.ആർ.ഓ പദവയിലുണ്ടായിരുന്ന ആൾ വർഷങ്ങൾക്ക് മുമ്പ് ലെയ്‌സ്ൺ ഓഫീസറെന്ന പദവിയിലെത്തി കാര്യങ്ങൾ കോ-ഓർഡിനേറ്റ് ചെയ്തു. ദേവസ്വം ബോർഡ് പോലും അറിയാതെ ദേവപ്രശ്‌നം നടത്തിയ വിവാദം അന്നുണ്ടായി. ഒരു രൂപ ശമ്പളത്തിന് സേവന പ്രവർത്തനം നടത്തിയ ഈ ലെയ്‌സൺ ഓഫീസർ പിന്നീട് സന്നിധാനത്തേക്ക് എത്തിയതുമില്ല.
What do you feel about this post?
Like
Love
Happy
Haha
Sad

