അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ; പി ബാവഹാജി പ്രസിഡന്റ്, ടി ഹിദായത്തുള്ള ജനറൽ സെക്രട്ടറി, നസീർ രാമന്തളി ട്രഷറർ
അബുദാബി: അബുദാബി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇസ്്‌ലാമിക് സെന്ററിന് പുതിയ മാനേജിങ് കമ്മറ്റി നിലവിൽ വന്നു. നിലവിലെ പ്രസിഡന്റ് പി.ബാവഹാജിയും ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ലയും തൽസ്ഥാനങ്ങളിൽ തുടരും. നസീർ രാമന്തളിയാണ് പുതിയ ട്രഷറർ. അബുദാബി സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ.ജമീൽ,അഹ്മദ് അൽ മുഹൈരി എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ ഇസ്്‌ലാമിക് സെന്റർ പ്രധാന ഹാളിൽ നടന്ന 54ാമത് വാർഷിക ജനറൽ ബോഡിയാണ് പുതിയ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. 2004 മുതൽ തുടർച്ചയായി 21ാം തവണയാണ് പി.ബാവ ഹാജിയെ ഇസ്്‌ലാമിക് സെന്റർ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്. നേരത്തെയും വിവിധ ഘട്ടങ്ങളിൽ ഏഴു തവണ പ്രസിഡന്റ് പദവി വഹിച്ച പ്രവാസികളുടെ പ്രിയപ്പെട്ട ബാവ ഹാജി ഐഐസിയിൽ ആകെ 27 വർഷം പ്രസിഡന്റും 12 തവണ ജനറൽ സെക്രട്ടറിയുമായിട്ടുണ്ട്.

പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം നേടിയ മലപ്പുറം കക്കിടിപ്പുറം സ്വദേശിയായ ബാവഹാജി അരനൂറ്റാണ്ടിലേറെ കാലമായി പ്രവാസ ലോകത്ത് സജീവമാണ്. ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ടി.മുഹമ്മദ് ഹിദായത്തുല്ല മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശിയാണ്. മുൻ വർഷങ്ങളിൽ സെന്ററിന്റെ വൈസ് പ്രസിഡന്റ്,ട്രഷറർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
യു.അബ്ദുല്ല ഫാറൂഖി,സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ,ആലുങ്ങൽ ഇബ്രാഹീം മുസ്‌ലിയാർ,മുഹമ്മദ് സമീർ തൃക്കരിപ്പൂർ,അശ്‌റഫ് ഹാജി വാരം,അഹമ്മദ്കുട്ടി തൃത്താല,കെ.മുസ്തഫ വാഫി,അഷറഫ് ബേക്കൽ മൗവ്വൽ,നൗഷാദ് ഹാഷിം ബക്കർ,അബ്ദുല്ല പിപി,സിദ്ദീഖ് എളേറ്റിൽ,അനീഷ് മംഗലം,മുഹമ്മദ്കുഞ്ഞി കൊളവയൽ,മുഹമ്മദ് ശഹീം,മുഹമ്മദ് ബഷീർ ചെമ്മുക്കൻ,അലിക്കുഞ്ഞി ഒപി എന്നിവരാണ് മാനേജിങ് കമ്മിറ്റി ഭാരവാഹികൾ.
ജനറൽബോഡി യോഗത്തിൽ പ്രസിഡന്റ് പി.ബാവഹാജി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.ഹിദായത്തുല്ല സ്വാഗതം പറഞ്ഞു. അഡ്മിൻ സെക്രട്ടറി അഷറഫ് ഹാജി വാരം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിസി അബൂബക്കർ സാമ്പത്തിക റിപ്പോർട്ടും ഓഡിറ്റർ സുനീർ ചുണ്ടമ്പറ്റ ബജറ്റും അവതരിപ്പിച്ചു.
സെന്ററിന്റെ കഴിഞ്ഞ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഡിജിറ്റൽ റിപ്പോർട്ട് വീഡിയോ പ്രദർശനം ശ്രദ്ധേയമായി. സ്തുത്യർഹമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഐഐസി മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കുള്ള ഉപഹാരം അബുദാബി സാമൂഹ്യ ക്ഷേമ വകുപ്പ് പ്രതിനിധികളായ അഹമ്മദ് അൽ മുഹൈരി,ഡോ.ജമീൽ എന്നിവർ സമ്മാനിച്ചു. ഇലക്ഷൻ ഓഫീസർമാരായ റസാഖ് ഒരുമനയൂർ,റഷീദലി മമ്പാട്,മൻസൂർ മൂപ്പൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ,സുന്നി സെന്റർ ജനറൽ സെക്രട്ടറി കബീർ ഹുദവി എന്നിവർ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് സംസാരിച്ചു. ട്രഷറർ നസീർ രാമന്തളി നന്ദി പറഞ്ഞു.


