പത്തനംതിട്ട – KSFE പ്രധാനശാഖയിൽ മോഷണത്തിന് ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ പുത്തൻപീടിക നിരഞ്ജനം വീട്ടിൽ ബോബിമോൻ (40) ആണ് അറസ്റ്റിലായത്. റിംഗ് റോഡിൽ സെന്റ് പീറ്റേഴ്‌സ് ജങ്ഷനിൽ കുന്നിത്തോട്ടത്തിൽ ടവേഴ്‌സിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ യുടെ പ്രധാന ശാഖയിൽ കഴിഞ്ഞമാസം 25 ന് രാത്രി 8.30 നായിരുന്നു മോഷണശ്രമം നടന്നത്. ഷട്ടറിന്റെ പൂട്ടുകൾ പൊളിച്ച് ഉള്ളിൽ കടന്ന മോഷ്ടാവ് മാനേജരുടെ മുറിയുടെ പിന്നിലുള്ള സ്‌ട്രോങ്ങ് റൂമിന്റെ ഇരുമ്പ് വാതിൽ മെഷിൻ കൊണ്ട് പൊളിക്കാൻ ശ്രമിക്കുകയായിരുന്നു.
185000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസ്സിസ്റ്റന്റ് മാനേജർ മലയാലപ്പുഴ താഴം സ്വദേശി സുജാതയുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയ പോലീസ് തിങ്കളാഴ്ച വൈകിട്ട് പത്തനംതിട്ട ടൗണിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ഫോട്ടോഗ്രാഫി വിഭാഗവും ശാസ്ത്രീയ അന്വേഷണസംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. സ്ഥാപനത്തിലെയും സമീപത്തുള്ള കെട്ടിടങ്ങളിലെയും സമീപത്തെ പണിതീരാത്ത വീട്ടിലെയും ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവടങ്ങളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും അന്വേഷണം വ്യാപിക്കുകയും ചെയ്തിരുന്നു.
ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദേശപ്രകാരം എസ്.ഐമാരായ എസ്.എസ്.ഷാൻ, മിഥുൻ, അഭിലാഷ്, സന്തോഷ് കുമാർ, എസ് സി പി ഓമാരായ ബൈജു, ജയരാജ്, ഷെഫീക്ക്, നിസാം, സിപിഓമാരായ ബൈജു, ഷഫീക്, സുജിത് എന്നിവരടങ്ങിയ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. സ്ഥലത്ത് സംശയകരമായി കണ്ട കാറും ആളിനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വളരെ വേഗം പ്രതിയെ കുടുക്കാനിടയാക്കിയത്. തുടർന്ന്, പ്രതിയെന്ന് സംശയിക്കുന്നയാളുമായി രൂപസാദൃശ്യമുള്ള ബോബിമോനെ ഇയോൺ കാറിൽ ടൗണിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് കാൾ വിവരങ്ങളും മറ്റും വിശദമായി പരിശോധിച്ചപ്പോൾ പ്രതിയെന്നുറപ്പിച്ചു. വിശദമായചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പല വിധ ബിസിനസുകൾ ചെയ്ത പരാജയപ്പെട്ടപ്പോഴാണ് ഇയാൾ മോഷണത്തിന് ഇറങ്ങിയത്. ചെടിവിൽപ്പന അടക്കം നടത്തിയിട്ടും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.
മോഷണശ്രമത്തിന് ഉപയോഗിച്ച കട്ടിങ് മെഷീൻ, ഡ്രില്ലിങ് മെഷിൻ ഉൾപ്പെടെയുള്ള ആയുധങ്ങളും ഈ സമയം ഇയാൾ ധരിച്ച വസ്ത്രവും ഒളിപ്പിച്ചു വച്ച വർക്ക്‌ഷോപ്പിൽ നിന്നും പിന്നീട് തെളിവെടുപ്പിൽ കണ്ടെടുത്തു, കാറും പിടിച്ചെടുത്തു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഡിവൈ.എസ്.പി വിനോദിന്റെ മേൽനോട്ടത്തിലും പോലീസ് ഇൻസ്‌പെക്ടർ രജീഷ് കുമാറിന്റെ നേതൃത്വത്തിലുമാണ് അന്വേഷണം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

