പത്തനംതിട്ട: പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ കാമുകനെ ജീവപര്യന്തം കഠിനതടവിനും പുറമെ 8 വർഷം കഠിനതടവിനും ശിക്ഷിച്ച് അഡിഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.പി.ജയകൃഷ്ണൻ ഉത്തരവിട്ടു. കടമ്മനിട്ട നാരങ്ങാനം കല്ലേലിമുക്ക് തെക്കും പറമ്പിൽ വീട്ടിൽ സജിൽ(31) ആണ് ശിക്ഷിക്കപ്പെട്ടത്. കടമ്മനിട്ട കല്ലേലിമുക്ക് കുറിയിച്ചിട്ട കോളനിയിൽ ശശിയുടെ മകൾ ശാരിക (17) ആണ് ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കൊലപാതകത്തിനു ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചപ്പോൾ, 326( ബി ) പ്രകാരം ഏഴു വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കൂടാതെ, ബാലനീതി നിയമത്തിലെ വകുപ്പ് 75 അനുസരിച്ച് ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷവും മൂന്നു മാസവും അധികതടവുശിക്ഷ അനുഭവിക്കണമെന്നും വിധിയിലുണ്ട്. ശാരികയുമായി ബന്ധു കൂടിയായ സജിൽ പ്രണയത്തിലായിരുന്നു.
കുട്ടിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊല നടത്തിയത്. 2017 ജൂലൈ 14 ന് വൈകിട്ട് 6.30 ന് പെൺകുട്ടിയുടെ വല്യച്ഛന്റെ വീടിനുമുറ്റത്ത് വച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. പെൺകുട്ടിയെ തടഞ്ഞുനിർത്തി യുവാവ് കുപ്പിയിൽ കരുതിയ പെട്രോൾ തലയിൽ ഒഴിക്കുകയും, തുടർന്ന് വീടിന്റെ മുന്നിൽ വാതിലിൽ കത്തിച്ചു വച്ച മെഴുകുതിരി തലയിലേക്ക് ഇട്ട് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. തുടർന്ന് ഹെലികോപ്റ്റർ മാർഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയെങ്കിലും 22 ന് മരണപ്പെട്ടു.
കൃത്യം നിർവഹിച്ച ശേഷം രക്ഷപ്പെട്ട പ്രതി സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ രണ്ടു ദിവസം പൂർണ നഗ്നനായി കിടന്നു. പോകുന്ന വഴിയിൽ ശരീരത്ത് കത്തിപ്പടർന്ന വസ്ത്രങ്ങൾ വലിച്ച് ഊരിയിരുന്നു. നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സജിലി കണ്ടെത്തിയത്. 30 ശതമാനത്തോളം പൊളളലേറ്റ ഇയാർ കുറേ നാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു.
പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുകയായിരുന്നു പെൺകുട്ടി. ആക്രമണം ഉണ്ടാവുന്നതിന് കുറച്ചുനാൾ മുമ്പ് വരെ പരസ്പരം ഇവർ ഇഷ്ടത്തിലായിരുന്നുവെന്ന് പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. സംഭവ ദിവസം വൈകിട്ട് അഞ്ചിന് വീടിന് സമീപത്തെ കടയിൽ അരി വാങ്ങാൻ പോയി, സാധനങ്ങൾ വീട്ടിൽ വച്ചശേഷം തൊട്ടടുത്തുള്ള വല്യച്ഛന്റെ വീട്ടിലേക്ക് പോയി. പ്രതി സജിൽ പിന്നാലെ വീട്ടുമുറ്റത്ത് കയറി വന്നു. ഈസമയം ശാരികയ്ക്ക് ഒരു ഫോൺ വന്നതായും സംസാരിച്ച ശേഷം, സ്വന്തം വീട്ടിലേക്ക് പോകാൻ മുറ്റത്തേക്ക് ഇറങ്ങിയതായും, ഇയാൾ തടഞ്ഞുനിർത്തിയതായും പറഞ്ഞു. യുവാവ്, വല്യച്ഛനോട് എന്തോ പറഞ്ഞശേഷം കയ്യിലിരുന്ന പെട്രോൾ നിറച്ച കുപ്പി കുട്ടിയുടെ തലയിലേക്ക് കമഴ്ത്തുകയായിരുന്നു. തുടർന്ന് ഇയാൾ സ്വന്തം ശരീരത്തിലും ഒഴിച്ചു. പിന്നീട് വീടിന്റെ വാതിലിരുന്ന മെഴുകുതിരി ശാരികയുടെ തലയിലിട്ടു.
ഉറക്കെയുള്ള നിലവിളി കേട്ട് അച്ഛൻ ഓടിവന്ന് പിടിച്ചുനിർത്തുകയും, തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തതായും മറ്റും കുട്ടിയുടെ മൊഴിയിൽ പറഞ്ഞിരുന്നു.
കുട്ടിയുടെ മരണമൊഴിയും സജിലിന്റെ ദേഹത്തുണ്ടായ പൊള്ളലുകളും വിചാരണയിൽ പ്രധാന തെളിവുകളായി. ഏക ദൃക്സാക്ഷിയായിരുന്ന ശാരികയുടെ വല്യച്ഛൻ വിചാരണ തുടങ്ങും മുമ്പ് മരണപ്പെട്ടു. പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോകുന്നത് കണ്ട സാക്ഷികളുടെ മൊഴികളും നിർണായകമായി. ആറന്മുള എസ്.ഐ ആയിരുന്ന കെ. അജിത് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്.
കോഴഞ്ചേരി ഇൻസ്പെക്ടറും നിലവിൽ നകർകോട്ടിക് സെൽ ഡിവൈ.എസ്.പി യുമായ ബി. അനിലാണ് ആദ്യ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പിന്നീട് ആറന്മുള പോലീസ് ഇൻസ്പെക്ടർ ആയിരുന്ന സി.കെ.മനോജ് തുടരന്വേഷണം നടത്തി അനുപൂരക കുറ്റപത്രം തയ്യാറാക്കി സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഹരിശങ്കർ പ്രസാദ് കോടതിയിൽ ഹാജരായി.


