സഫ്രഗൻ മെത്രപ്പോലീത്ത ഡോ ജോസഫ് മാർ ബർന്നബാസ് പെരുന്നയിൽ എത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു.

Kerala Alappuzha
Print Friendly, PDF & Email

ചങ്ങനാശ്ശേരി: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രപ്പോലീത്ത ഡോ ജോസഫ് മാർ ബർന്നബാസ് പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് വിശ്രമിക്കുന്ന ജി സുകുമാരൻ നായരെ സന്ദർശിച്ചത്.
ഞാൻ വീണത് കൊണ്ടല്ലേ എന്നെ കാണാൻ പെരുന്നയിൽ വന്നതെന്ന് പുഞ്ചിരിയോടെ പറഞ്ഞ് കൊണ്ടാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സഫ്രഗൻ മെത്രപ്പോലീത്തായെ സ്വീകരിച്ചത്. ഒരിക്കലും അങ്ങ് വീണിട്ടില്ലെന്നും സമുദായ ആചാര്യനായ മന്നത്ത്‌ പത്മനാഭനെപ്പോലെ കരുത്തിന്റെ ശബ്ദമാണ് അങ്ങയുടെതെന്ന് സഫ്രഗൻ മെത്രപ്പോലീത്തായുടെ മറുപടി.

മദ്യശാലകളുടെ എണ്ണം കൂട്ടുന്ന ഈ വേളയിൽ മദ്യപാനികളെ ശത്രുക്കളായി കാണാതെ അവരെ രോഗികളായി കണക്കാക്കി വേണ്ട ചികിത്സ നല്കുവാൻ സമൂഹം തയ്യാറാകണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടു. മദ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിമോചന കേന്ദ്രം ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മുപ്പത് വർഷം മുൻപ് തിരുവല്ലയിൽ മാർത്തോമ്മാ സഭാ ആസ്ഥാനത്ത് നടന്ന എപ്പിസ്കോപ്പൽ സ്ഥാനാരോഹണ ചടങ്ങിൽ എൻഎസ്എസിന്റെ സമുന്നത നേതാവും അന്നത്തെ ജനറൽ സെക്രട്ടറിയുമായ പി കെ നാരായണ പണിക്കർ പങ്കെടുത്ത് ആശംസകൾ അറിയിച്ചതുമായ അനുഭവങ്ങൾ ഡോ ജോസഫ് മാർ ബർന്നബാസ് പങ്കിട്ടു.

കൂടിക്കാഴ്ചയിൽ മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അൻസിൽ സക്കറിയ കോമാട്ട്, റവ ഏബ്രഹാം വർഗീസ്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ എന്നിവർ പങ്കെടുത്തു.
സമൂഹിക വിപത്തുക്കളെ നേരിടാൻ സമുദായവും സഭയും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറിയും വേഗം സുഖം പ്രാപിച്ച് കർമ്മ മേഖലയിൽ സജീവമാകാൻ ദൈവം ഇടയാകട്ടേയെന്ന് ഡോ ജോസഫ് മാർ ബർന്നബാസ് സഫ്രഹൻ മെത്രപ്പോലീത്തായും പരസ്പരം ആശംസകൾ നേർന്നാണ് കൂടിക്കാഴ്ച അവസാനിച്ചത്.

ഫോട്ടോ: പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയ ഡോ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തായെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സ്വീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *