കോഴഞ്ചേരി – പമ്പയിലെ മണൽ ലേലത്തിൽ പങ്കെടുക്കാൻ ആവശ്യക്കാർ എത്തിയെങ്കിലും മണലിന്റെ സർക്കാർ തീരുമാനിച്ച അടിസ്ഥാന വില തന്നെ വളരെ ഉയർന്നതെന്ന് ചൂണ്ടി കാട്ടി ഇന്നലെയും മണൽ കൈമാറ്റം ഉറപ്പിച്ചില്ല. പ്രളയ ശേഷം പമ്പാനദിയിൽനിന്നു വാരിയ എക്കലും മണലും പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ ഇറക്കിയിട്ട് ഒന്നര വർഷമായിരുന്നു.
പല തവണ ലേലം പ്രഖ്യാപിച്ചെങ്കിലും ഉയർന്ന അടിസ്ഥാന വില ഇതിനു തടസമായി. പ്രളയത്തിനുശേഷം നീരൊഴുക്ക് സുഗമമാക്കുന്നതിനും വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്തും നദിയുടെ അടിത്തട്ട് താഴ്ത്തുന്നതിനാണ് മൺപുറ്റുകൾ ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നദിയിൽനിന്ന് മണ്ണ് നീക്കി സ്‌റ്റേഡിയത്തിലെത്തിച്ചത്. ഇത്തരത്തിൽ നീക്കിയ മണലും എക്കലുമാണ്
താൽക്കാലിക സംവിധാനമെന്ന നിലയിൽ ജില്ലയിലെ മറ്റ് സ്ഥലങ്ങൾക്കൊപ്പം പഞ്ചായത്ത് സ്‌റ്റേഡിയത്തിലും നിക്ഷേപിച്ചത്.
ഇപ്പോൾ സ്‌റ്റേഡിയത്തിന്റെ പകുതിയിലധികം ഭാഗങ്ങളിൽ മൺകൂനയായി മാറിയിട്ടുണ്ട്. മൺകൂനയിലും മറ്റിടങ്ങളിലും കാടുകയറി. മരങ്ങളും വളർന്നു. അംഗൻവാടി, ഡി.ടി.പി.സി ഓഫിസ്, കമ്യൂണിറ്റി ഹാൾ, ഓപ്പൺ എയർ സ്‌റ്റേജ്, മത്സ്യഫെഡ് മത്സ്യ വിപണന കേന്ദ്രം, ഹോമിയോ ഡിസ്‌പെൻസറി, കൃഷിഭവൻ, എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഈ സ്‌റ്റേഡിയത്തിലാണ്.
ആദ്യ ലേലത്തിൽ കരാറുകാർ പങ്കെടുക്കാതെ വന്നതോടെ നേരത്തെ നിശ്ചയിച്ചിരുന്ന അടിസ്ഥാന വിലയുടെ 50% കുറവിലാണ് ഇന്നലെ ലേലം ചെയ്യുന്നതിന് പരസ്യപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണയും ലേലം ഉറപ്പിക്കാൻ കഴിഞ്ഞില്ല. ആദ്യം ഉണ്ടായിരുന്ന മണൽ ഇപ്പോൾ മണ്ണായി മാറിയിട്ടുണ്ട്. അടുത്ത ലേലം നടക്കുമ്പോഴേക്കും വീണ്ടും വില കുറയാനാണു സാദ്ധ്യത.


