എന്റെ കേരളം പ്രദർശന മേളക്ക് നാളെ കൊടിയിറക്കം ; സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

Kerala Pathanamthitta

പത്തനംതിട്ട – ജില്ലയുടെ ദിനരാത്രങ്ങളെ സമ്പന്നമാക്കിയ ‘എന്റെ കേരളം’ പ്രദർശന വിപണന കലാമേളയ്ക്ക് നാളെ (മേയ് 22, വ്യാഴം) കൊടിയിറക്കം. പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ വൈകിട്ട് നാലിന് സമാപന സമ്മേളനം ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും.

കഴിഞ്ഞ ആറു ദിവസവും അഭൂതപൂർവ തിരക്കാണ് മേളയിൽ അനുഭവപ്പെട്ടത്. 71000 ചതുരശ്രയടിയിൽ ജർമൻ ഹാംഗറിൽ തീർത്ത കൂറ്റൻ പവലിയനിലായിരുന്നു പൂർണമായും ശീതികരിച്ച 186 സ്റ്റാളുകൾ. രാവിലെ 10 മുതൽ രാത്രി ഒമ്പതു വരെ നീണ്ട പ്രദർശനത്തിലെ കലാ- സാംസ്‌കാരിക പരിപാടിയിൽ കനത്ത മഴയെ അവഗണിച്ചും സന്ദർശകർ ഒഴുകിയെത്തി. ഭാരത് ഭവന്റെ നവോത്ഥാനം- നവകേരളം, മർസി ബാൻഡ് മ്യൂസിക് നൈറ്റ് ഷോ, മജീഷ്യൻ സാമ്രാജിന്റെ സൈക്കോ മിറാക്കുള മാജിക് ഷോ, ഗ്രൂവ് ബാൻഡ് ലൈവ് മ്യൂസിക് ഷോ, അൻവർ സാദത്ത് മ്യൂസിക് നൈറ്റ്, കനൽ നാടൻ പാട്ട് എന്നിവ കാണികളെ ത്രസിപ്പിച്ചു.

ആരോഗ്യ, മത്സ്യവകുപ്പുകളുടെ സെമിനാർ ശ്രദ്ധേയമായി. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ‘റിഥം’ പ്രതിഭാസംഗമം വേറിട്ട കാഴ്ചയായി. ലഹരിക്കെതിരെ എക്സൈസ് വകുപ്പ് സംഘടിപ്പിച്ച നാടകം സമൂഹത്തിനുള്ള മുന്നറിയിപ്പ് നൽകി. പിന്നോക്ക വികസന വകുപ്പ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കരിയർ ഓറിയന്റേഷൻ പ്രോഗ്രാം അറിവ് പകർന്നു. കുട്ടികളുടെ സംശയദൂരീകരിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് വിവിധ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും ക്ലാസ് നൽകി. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിക്ഷേപ സമാഹരണ യജ്ഞത്തിൽ ജില്ലാ തലത്തിൽ മുന്നിലെത്തിയവർക്കുള്ള പുരസ്‌ക്കാവും മേളയിൽ വിതരണം ചെയ്തു. വനിതാ ശിശു വികസനവകുപ്പിന്റെയും പട്ടിക ജാതി വികസന വകുപ്പിന്റെയും സാംസ്‌കാരിക പരിപാടി കാണികളെ ആകർഷിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും വിവിധതരം രുചികൂട്ടുകൾ പരിചയപ്പെടുത്തി.

സമാപന സമ്മേളനത്തിൽ ജില്ലാതല സംഘാടക സമിതി ജനറൽ കൺവീനറും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണൻ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി സക്കീർ ഹുസൈൻ, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ് കുമാർ, സബ് കലക്ടർ സുമിത്കുമാർ താക്കൂർ, നഗരസഭാംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി പി അശ്വതി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നീയും ഞാനും വിഷയത്തിൽ സെമിനാർ, വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം എന്നിവ സംഘടിപ്പിക്കും. സമാപന സമ്മേളത്തിന് ശേഷം ജില്ലയിൽ ആദ്യമായി സൂരജ് സന്തോഷിന്റെ നേതൃത്വത്തിൽ ബാൻഡ് ലൈവ് ഷോ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *