ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ കടലിൽ അലറിയടിക്കുന്ന തിരമാലകൾക്കിടയിൽ നിന്ന് നടുക്കുന്ന വാർത്ത. 240-ലേറെ യാത്രക്കാരുമായി സഞ്ചരിച്ച ‘വിർഗോ ട്രാൻസ്‌പോർട്ട് എട്ട്’ എന്ന യാത്രാക്കപ്പൽ അതിരൂക്ഷമായ കാലാവസ്ഥയിൽപ്പെട്ട് കാണാതായി. കടലിൽ ജീവന് വേണ്ടി കേണപേക്ഷിച്ച 100 പേരെ വിവിധ കപ്പലുകളിലായി അതിസാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും, ഒരാൾ മരണത്തിന് കീഴടങ്ങി. ഇനിയും വിവരമൊന്നും ലഭിക്കാത്ത 140-ൽ പരം യാത്രക്കാർക്കായി കടലിൽ ജീവൻ പണയം വെച്ചുള്ള തിരച്ചിൽ തുടരുകയാണ്. കപ്പലിന് കൃത്യമായി എന്ത് സംഭവിച്ചുവെന്നത് സംബന്ധിച്ച് ഇപ്പോഴും യാതൊരു വ്യക്തതയും വന്നിട്ടില്ല.
കിഴക്കൻ ജാവയിലെ സുരബായ തുറമുഖത്ത് നിന്ന് ശനിയാഴ്ച യാത്ര തിരിച്ച കപ്പലാണ് ഞായറാഴ്ച പുലർച്ചെയോടെ വലിയ അപകടത്തിൽപ്പെട്ടത്. തെക്കൻ കലിമന്താനിലെ ബൻജർമാസിനിലേക്കായിരുന്നു കപ്പലിന്റെ യാത്ര. പുലർച്ചെ അപ്രതീക്ഷിതമായി എത്തിയ മോശം കാലാവസ്ഥയിലും കൊടുങ്കാറ്റിലും പെട്ട് കപ്പലുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കപ്പൽ കാണാതായെന്ന നടുക്കുന്ന വിവരം ഇന്തോനേഷ്യൻ തിരച്ചിൽ-രക്ഷാ ഏജൻസിയെ തേടിയെത്തുന്നത്. കപ്പലിൽ നിന്ന് അവസാനമായി സിഗ്നൽ ലഭിച്ച സ്ഥലത്ത് നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ള വൻ സന്നാഹങ്ങളോടെയാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്.
രക്ഷപ്പെടുത്തിയവരിൽ ചിലരെ കിഴക്കൻ ജാവയിലെ തുറമുഖത്തേക്ക് അടിയന്തരമായി മാറ്റുമെന്ന് ബൻജർമാസിൻ തിരച്ചിൽ-രക്ഷാ ഏജൻസി മേധാവി ഇ. പുതു സുഡായാന അറിയിച്ചു. കാലാവസ്ഥ അതിരൂക്ഷമായതിനെ തുടർന്ന് കപ്പൽ ഓപ്പറേറ്ററിൽ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് അധികൃതർക്ക് അപായസന്ദേശം നൽകിയത്. എന്നാൽ കപ്പൽ പൂർണ്ണമായും മുങ്ങിപ്പോയോ അതോ മറ്റേതെങ്കിലും അപകടത്തിൽപ്പെട്ടോ എന്ന കാര്യത്തിൽ അധികൃതർക്ക് ഇതുവരെ സ്ഥിരീകരണം നൽകാൻ കഴിഞ്ഞിട്ടില്ല.
ഏകദേശം 17,000-ത്തോളം ദ്വീപുകളുള്ള ഇന്തോനേഷ്യയിൽ സാധാരണക്കാരുടെ പ്രധാന ആശ്രയം ഫെറി സർവീസുകളാണ്. വിമാനയാത്രയേക്കാൾ ചെലവ് കുറഞ്ഞ ജലഗതാഗതത്തെയാണ് ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള ഇത്തരം യാത്രകൾ ഇന്തോനേഷ്യൻ തീരങ്ങളിൽ തുടർച്ചയായ മരണക്കുരുക്കുകളായി മാറുകയാണ്. വലിയൊരു ജീവഹാനിയുടെ ആശങ്കയിലാണ് രാജ്യം ഇപ്പോൾ.
What do you feel about this post?
Like
Love
Happy
Haha
Sad

