പത്തനംതിട്ട – ആകാശത്തിലൂടെ വിമാനം പോകുന്ന ശബ്ദം കേൾക്കുമ്പോൾ പത്തനംതിട്ട പ്രകാശധാരാ സ്പെഷൽ സ്കൂളിലെ കുട്ടികളിൽ ചിലർ കൈ വീശി കാണിക്കും. വിമാനത്തിൽ പറക്കണമെന്ന ആഗ്രഹമുണ്ടോയെന്നു ഭിന്നശേഷിക്കാരായ കുട്ടികളോട് അദ്ധ്യാപകർ ചോദിച്ചപ്പോൾ എല്ലാവരുടെയും മനസ്സിൽ ഇങ്ങനെയൊരു സ്വപ്നം ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലായി.
ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ഏബ്രഹാം മാർ സെറാഫിമിനോടു ഈ ആഗ്രഹം അറിയിച്ചതോടെ ആകാശയാത്ര എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ നടപടികൾ സ്വീകരിച്ചു. ആദ്യമായി വിമാനത്തിൽ പറക്കുന്ന സന്തോഷത്തിലാണു സ്കൂളിലെ 35 കുട്ടികൾ. അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ 75 പേര് അടങ്ങുന്ന സംഘമാണ് ഇന്ന് ആകാശയാത്ര നടത്തുന്നത്. ഡോ.ഏബ്രഹാം മാർ സെറാഫിമും സംഘത്തിനൊപ്പമുണ്ട്. ഇന്ന് പുലർച്ചെ 5ന് കെഎസ്ആർടിസി ബസിൽ ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് 10.15ന് പുറപ്പെടുന്ന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തും. തുടർന്ന് വാട്ടർ മെട്രോയിലും മെട്രോയിലും സഞ്ചരിക്കാനുള്ള അവസരവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ രീതിയിലൂടെ യാത്രാ സൗകര്യങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് യാത്രയുടെ ലക്ഷം. 6 ലക്ഷം രൂപ സ്പോൺസർമാരുടെ സഹായത്തോടെ കണ്ടെത്തിയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ വിമാനയാത്ര സാധ്യമാക്കുന്നത്.* കൊച്ചിയിലെ വിവിധ സ്ഥലങ്ങളും സന്ദർശിച്ച് കെഎസ്ആർടിസി ബസിൽ സംഘം മടങ്ങും. സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണു ആകാശയാത്ര എന്ന പദ്ധതിയും നടപ്പാക്കുന്നതെന്നു ഡയറക്ടർ ഫാ.റോയ് സൈമൺ പറഞ്ഞു.
@ അനീഷ് തോമസ് തേക്കുതോട്

പ്രകാശധാരയിലെ കുട്ടികൾ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുന്നു.
അഭിവന്ദ്യ എബ്രഹാം മാർ സെറാഫിം തിരുമേനിയോടൊപ്പം…
What do you feel about this post?
Like
Love
Happy
Haha
Sad

